ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മന്ത്രി എം.ബി. രാജേഷ് രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതികൾ രക്ഷപ്പെടണമെന്നും അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകരുതെന്നും പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതായാണ് രാജേഷിന്റെ ആരോപണം.
അന്വേഷണം മുന്നോട്ടുപോയാൽ പോറ്റി പോയ എല്ലാ ഇടങ്ങളിലേക്കും പ്രത്യേക അന്വേഷണസംഘം എത്തുമെന്നും, അതാണ് പ്രതിപക്ഷ നേതാവിന് ഉൾക്കിടിലമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് സഭയിൽ ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിൽ പോറ്റിയെ കൊണ്ടുവന്നത് ഇഹലോകത്തെയും പരലോകത്തെയും കോൺഗ്രസുകാരാണെന്ന് വ്യക്തമായെന്നും, ആ ആരോപണം വീണ്ടും ഉന്നയിക്കാൻ അവർക്കു ധൈര്യമുണ്ടാകില്ലെന്നും മന്ത്രി പരിഹസിച്ചു. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
എന്നാൽ ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്ന കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടിയാണെന്ന് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. പ്രതികൾ രക്ഷപ്പെടണമെന്നതാണ് കോൺഗ്രസിന്റെ യഥാർത്ഥ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
