ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍; റഫാൽ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ചെലവിടുന്നത് 3.25 ലക്ഷം കോടി രൂപ

വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8ഐ സമുദ്ര പട്രോൾ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അനുമതി നൽകി. ഇന്ത്യൻ വ്യോമസേനയുടെ ശേഷി വർധിപ്പിക്കുന്നതിലേക്കുള്ള നിർണായക നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

ഏകദേശം 3.25 ലക്ഷം കോടി രൂപ വിലവരുന്ന ഈ കരാർ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടായിരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് മുൻപോടിയായാണ് അനുമതി ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

അതിര്‍ത്തികളിലെ സുരക്ഷാ വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വ്യോമസേനയിൽ നിലവിൽ 29 ഫൈറ്റർ സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. അംഗീകൃത ശേഷിയായ 42 സ്ക്വാഡ്രണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗണ്യമായ കുറവാണ്. ഈ വിടവ് നികത്താനാണ് പുതിയ വിമാനങ്ങൾ അടിയന്തരമായി വാങ്ങുന്നത്.

ഇടപാട് പൂര്‍ത്തിയായാൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശം ഏകദേശം 150 റഫാൽ വിമാനങ്ങൾ ഉണ്ടായിരിക്കും. കൂടാതെ, വിമാനവാഹിനികളിൽ നിന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള 26 റഫാൽ വിമാനങ്ങൾ ഇന്ത്യൻ നാവികസേനയ്ക്കായി കൂടി ലഭ്യമാക്കും.

114 വിമാനങ്ങളിൽ 18 എണ്ണം ഫ്രാൻസിൽ നിന്ന് നേരിട്ട് പറക്കാൻ സജ്ജമായ നിലയിൽ വാങ്ങും. ശേഷിക്കുന്നവ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 80 ശതമാനം വിമാനങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. കരാർ പ്രകാരം 88 സിംഗിൾ സീറ്റ്, 26 ട്വിൻ സീറ്റ് റഫാൽ വിമാനങ്ങളാണ് വാങ്ങുക.

മറുപടി രേഖപ്പെടുത്തുക