എൽഡിഎഫ് സർക്കാർ പുറത്തുപോകുമ്പോൾ പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് നമ്മൾ പണം കൊണ്ട് നിറയ്ക്കും: വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടബാധ്യതയാണ് സംസ്ഥാനത്തിന് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്ത നിലയിലാണ് എൽഡിഎഫ് സർക്കാർ പുറത്തുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് ഞങ്ങൾ പണം കൊണ്ട് നിറക്കും. പാവങ്ങളുടെ കണ്ണീരൊപ്പും. ആരോഗ്യ കേരളം ഇന്ന് വെന്റിലേറ്ററിലാണു; കേരളത്തെ വീണ്ടും ആരോഗ്യവതിയാക്കണം,” എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതക്ക് തീ കൊളുത്തുകയാണെന്നും, പച്ചയായ വർഗീയ പരാമർശം നടത്തിയ സജി ചെറിയാൻ ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. “യുഡിഎഫിലായിരുന്നെങ്കിൽ ഇത്തരമൊരു പരാമർശം നടത്തിയവരെ ചെവിക്കുപിടിച്ച് പുറത്താക്കിയേനേ. ഏതു കൊലകൊമ്പൻ വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും,” എന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബാങ്ക് ശക്തിയുള്ളവർ വർഗീയത പ്രസ്താവിച്ചാലും ചോദ്യം ചെയ്യുമെന്നും, സിപിഐഎമ്മിന് രക്തസാക്ഷികൾ ഉണ്ടാകുന്നത് ലോട്ടറി അടിക്കുന്നതുപോലെയാണെന്നും അദ്ദേഹം വിമർശിച്ചു. “രക്തസാക്ഷികൾ ഉണ്ടായാൽ പിരിവ് തുടങ്ങും. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കും,” എന്നും ആരോപിച്ചു.

ശബരിമല സ്വർണ്ണക്കടത്ത് കേസിനെ പരാമർശിച്ച്, “അതിൽ ഇടപെട്ടത് സാക്ഷാൽ അയ്യപ്പനാണെന്ന് തോന്നുന്നു. പ്രതികൾ എല്ലാവരും പുറത്തുവരാനുള്ള സൗകര്യം ഒരുക്കുകയാണ്. തെളിവുകൾ ഇല്ലാതാകുമോ എന്ന ആശങ്കയുണ്ട്,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക