‘ബിയോണ്ട് ദ് കേരള സ്റ്റോറി’: വിദ്വേഷ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ് കേരള സ്റ്റോറി’ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വർഗീയ നിറമുള്ള രംഗങ്ങളും ഡയലോഗുകളും ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ഉയർന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കുകയും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുകയും ചെയ്യുകയാണ് ഈ ചിത്രത്തിന്റെ ലക്ഷ്യമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരള മാതൃകയെ ഭയപ്പെടുന്ന ശക്തികളാണ് ഇത്തരത്തിലുള്ള തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

‘കേരള സ്റ്റോറി’ എന്ന പേരിൽ വ്യാജ പ്രതീതി സൃഷ്ടിച്ച് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെ പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും ഇവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ കലാപങ്ങളില്ലാതെ എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്ന കേരളത്തെ ശത്രുതയോടെ കാണുന്നവരാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

‘ബീഫ്’ എന്ന പേരിന്റെ പേരിൽ ചലച്ചിത്രമേളയിൽ ഒരു ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച സാഹചര്യത്തിൽ, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും വളർത്താൻ ലക്ഷ്യമിട്ട് നിർമ്മിച്ച ചിത്രങ്ങൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നുവെന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതിനൊപ്പം വസ്തുതകളെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

“കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം,” എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക