അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു ടീമിലെത്താൻ സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാറ്റങ്ങൾക്ക് സാധ്യത

ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുന്നത് മലയാളി താരം സഞ്ജു സാംസണാണ്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അഭിഷേക് ശർമയ്ക്ക് പകരം സഞ്ജുവിന് അവസരം ലഭിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

മൂന്ന് മത്സരങ്ങളിലും റൺസൊന്നും നേടാനാകാതെ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ ടീം മാനേജ്മെന്റിന് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, ലഭിച്ച ഏക അവസരത്തിൽ എട്ട് പന്തിൽ നിന്ന് 22 റൺസെടുത്ത് തിളങ്ങിയ സഞ്ജുവിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോർഡുണ്ടെന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.

ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷന്റെ മികച്ച ഫോമും ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. നാല് മത്സരങ്ങളിൽ നിന്ന് 176 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കിഷൻ. മൂന്നാം നമ്പറിൽ തിലക് വർമയുടെ ഇന്നിംഗ്സുകൾക്ക് ആവശ്യമായ വേഗത കുറവെന്ന വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും താരത്തിന് തുടർച്ചയായ അവസരം നൽകാനാണ് ടീം മാനേജ്മെന്റിന്റെ സാധ്യത.

മധ്യനിരയിൽ നായകൻ സൂര്യകുമാർ യാദവിന്റെ ആക്രമണാത്മക ബാറ്റിംഗും ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ടീമിന്റെ ശക്തി. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ ശിവം ദുബെയും ഫിനിഷർ റോളിൽ റിങ്കു സിംഗും ടീമിൽ തുടരും.

ബൗളിംഗ് നിരയിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന അക്സർ പട്ടേൽ വാഷിംഗ്ടൺ സുന്ദറിന് പകരം തിരിച്ചെത്താൻ സാധ്യതയുണ്ട്. പേസ് നിരയെ നയിക്കാൻ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം അർഷ്ദീപ് സിംഗും ഉണ്ടാകും. സ്പിൻ വിഭാഗത്തിൽ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ സാന്നിധ്യം ഇന്ത്യക്ക് നിർണായക മുൻതൂക്കം നൽകും.

ടൂർണമെന്റിലെ കിരീടപ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയം ഇന്ത്യക്ക് അനിവാര്യമാണ്. സൂപ്പർ എട്ടിലെ ആദ്യ പോരാട്ടം തന്നെ ഇന്ത്യയുടെ മുന്നേറ്റത്തിന് നിർണായകമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക