കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സാഹചര്യമില്ല: പി സതീദേവി

കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി സതീദേവി . പത്തനംതിട്ട പ്രസ്സ് ക്ലബും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്ന് സംഘടിപ്പിച്ച കേരള വനിതാകമ്മീഷന്‍ മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കി നിയമങ്ങള്‍ നടപ്പാക്കിയതിന്റെ തുടക്കം ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിലാണെന്ന് സതീദേവി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ ആ സമയത്ത് രൂപീകരിക്കപ്പെട്ടതും നടപ്പാക്കിയതും ബ്രിട്ടീഷ് ജഡ്ജിമാരാണെന്നും അവര്‍ പറഞ്ഞു.

വീട്ടിലും സമൂഹത്തിലും തൊഴില്‍ മേഖലയിലും പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീസംരക്ഷണ നിയമങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീപീഡന കേസുകളില്‍ ചിലപ്പോള്‍ സ്ത്രീകള്‍ തന്നെയാണ് പ്രതിസ്ഥാനത്ത് എത്തുന്നതെന്നും, പെണ്‍വാണിഭ കേസുകളിലും സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്ത്രീകളായിരിക്കും എന്നതും യാഥാര്‍ഥ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായുള്ള നിയമങ്ങളെ പുരുഷന്മാര്‍ക്കെതിരായതായി കാണരുത്. അവ സ്ത്രീകളുടെ സുരക്ഷയും മാനവും ഉറപ്പാക്കുന്നതിനുള്ളതാണെന്ന് സതീദേവി കൂട്ടിച്ചേര്‍ത്തു

മറുപടി രേഖപ്പെടുത്തുക