ഇറാനെതിരെയുള്ള യുഎസ്–ഇസ്രയേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം. സ്വരാജ് രംഗത്ത്. സാമ്രാജ്യത്വ യുദ്ധവെറി വീണ്ടും ഇറാനെ ലക്ഷ്യമിടുമ്പോൾ ലോകം ഒരിക്കൽക്കൂടി അശാന്തതയിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യുദ്ധം ഒരിക്കലും സമാധാനത്തിന് വഴിയൊരുക്കില്ലെന്നും, അതിന്റെ ആദ്യ ഇരകൾ കുഞ്ഞുങ്ങളും സ്ത്രീകളും നിസഹായരായ സാധാരണക്കാരുമാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. “എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നത് മനുഷ്യരും മനുഷ്യത്വവുമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വ ശക്തികളുടെ യുദ്ധനടപടികൾക്കെതിരെ ലോകമെമ്പാടുമുള്ള ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും സമാധാനത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക… ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു. ഭൂമി മൃതശരീരങ്ങൾ കൊണ്ടും. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നു. അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും.
ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ, ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ,ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്. അമേരിക്കയും, ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്.
കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്. യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിനു വഴികാട്ടുമ്പോൾ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ…. സാമ്രാജ്യത്വം തുലയട്ടെ….
