ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് മുന്നോടിയായി ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും ഇസ്രായേൽ ഇന്റലിജൻസ് ഹാക്ക് ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ടെഹ്റാനിലെ നിരീക്ഷണ ക്യാമറകൾ വർഷങ്ങളായി ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും, അവയുടെ ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് ഇസ്രായേലിലേക്ക് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖമേനിയുടെ വസതിസ്ഥലം സ്ഥിതി ചെയ്യുന്ന തെരുവിൽ സ്ഥാപിച്ചിരുന്ന ഒരു ക്യാമറ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനഗതാഗതവും ദിനചര്യകളും നിരീക്ഷിക്കാൻ അനുകൂലമായ ദൃശ്യകോണം നൽകിയതായി റിപ്പോർട്ടുണ്ട്.
ഉദ്യോഗസ്ഥരും അവരുടെ ഗാർഡുകളും പിന്തുടരുന്ന ജീവിതരീതി (pattern of life) രൂപപ്പെടുത്തുന്നതിനായി ശേഖരിച്ച ഡാറ്റ വിശകലനം ചെയ്തതായും പറയുന്നു. മുന്നറിയിപ്പുകൾ തടയുന്നതിനായി ഖമേനിയുടെ കോമ്പൗണ്ടിന് സമീപമുള്ള മൊബൈൽ ഫോൺ ടവറുകളുടെ ഘടകങ്ങൾ പോലും തടസ്സപ്പെടുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇറാനെതിരായ ആക്രമണം മാസങ്ങളായി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും, ശനിയാഴ്ച രാവിലെ ടെഹ്റാനിലെ വസതിയിൽ ഖമേനിയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ്-ഇസ്രായേൽ ഇന്റലിജൻസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓപ്പറേഷൻ പുനഃക്രമീകരിച്ചുവെന്നാണ് റിപ്പോർട്ട്. ടെഹ്റാനിൽ നിന്നുള്ള ഒരു ചാരനിലൂടെ യുഎസിന് നിർണായക സ്ഥിരീകരണം ലഭിച്ചതായും വാർത്തയിൽ പറയുന്നു.
