റഷ്യൻ ഡൊമെയ്ൻ ഇമെയിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ എസ്തോണിയ

റഷ്യയുടെ .ru ഡൊമെയ്ൻ ഉപയോഗിക്കുന്ന ഇമെയിൽ വിലാസങ്ങളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങൾക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് എസ്തോണിയ സർക്കാർ പ്രഖ്യാപിച്ചു. സൈബർ സുരക്ഷാ ഭീഷണി വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നീതിന്യായ, ഡിജിറ്റൽ കാര്യ മന്ത്രി ലിസ പകോസ്റ്റ അറിയിച്ചു.

റഷ്യൻ .ru ഡൊമെയ്‌നിൽ നിന്നുള്ള എല്ലാ ഇമെയിലുകളും പ്രത്യേക പരിശോധനാ സംവിധാനത്തിലൂടെ കടത്തിവിടുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള സൈബർ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമേ ഈ നടപടിയും നടപ്പാക്കുമെന്നും അതുവഴി സന്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സമയം ആവശ്യമായി വരുമെന്നും അവർ പറഞ്ഞു. സമാന സമീപനം സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങളോടും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.

“ക്വാറന്റൈൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നിയന്ത്രണം ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരും. 1994-ൽ റഷ്യൻ സൈന്യം എസ്തോണിയയിൽ നിന്ന് പിന്മാറിയതിന്റെ വാർഷിക ദിനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം, റഷ്യൻ ഡൊമെയ്‌നിൽ നിന്നുള്ള ഇമെയിലുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പ്രധാന സൈബർ ആക്രമണങ്ങൾ സാധാരണയായി സോഫ്റ്റ്‌വെയർ ബലഹീനതകൾ മുതലെടുക്കുകയോ സോഷ്യൽ എൻജിനിയറിംഗ് രീതികൾ ഉപയോഗിക്കുകയോ ചെയ്താണ് നടക്കുന്നതെന്നും, അവ നിർബന്ധമായും ഒരു പ്രത്യേക രാജ്യ ഡൊമെയ്‌നുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ റഷ്യൻ പൗരന്മാർക്കെതിരെ യാത്രാ, സാമ്പത്തിക നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി നടപടികൾ എസ്തോണിയ സ്വീകരിച്ചിരുന്നു. പുതിയ ഇമെയിൽ നിയന്ത്രണവും ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷഭരിതമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്.

1994-ൽ ആരംഭിച്ച .ru ഡൊമെയ്ൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാജ്യ-കോഡ് ഡൊമെയ്‌നുകളിൽ ഒന്നാണ്. എന്നാൽ റഷ്യൻ ഭാഷയിലെ .рф, സോവിയറ്റ് കാലഘട്ടത്തിൽ രൂപംകൊണ്ട .su എന്നീ ഡൊമെയ്‌നുകളിൽ നിന്നുള്ള ഇമെയിലുകൾക്ക് നിലവിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

മറുപടി രേഖപ്പെടുത്തുക