പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിനിടെ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നു. യുഎസും ഇറാനും കപ്പലുകൾക്ക് നേരെ പരസ്പരം ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആഗോള എണ്ണവിപണിയിൽ ആശങ്ക ശക്തമായത്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമുസ് കടലിടുക്കിന് സമീപത്തെ സംഘർഷം വിതരണത്തെ ദീർഘകാലം ബാധിച്ചേക്കുമെന്ന ഭീതിയാണ് വിപണികളെ സമ്മർദത്തിലാക്കിയത്.
ഇറാനിയൻ എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചതായാണ് വിവരം. ഇതിന് പിന്നാലെ, അനധികൃത റൂട്ടുകളിൽ സഞ്ചരിക്കുന്ന ടാങ്കറുകളെയും യുഎസ് കപ്പലുകളെയും ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവിയും അവകാശപ്പെട്ടു. സംഭവവികാസങ്ങളെ വിശകലന വിദഗ്ധർ വലിയ സംഘർഷത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിലും വലിയ ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ. സാധാരണയായി പ്രതിദിനം നൂറിലധികം കപ്പലുകൾ കടന്നുപോകുന്ന പാതയിൽ ഇപ്പോൾ എണ്ണം പത്തിലേക്ക് ചുരുങ്ങിയെന്നാണ് വിവരം. ഇതിനിടെ, മേഖലയിൽ പുതിയ ‘നിയന്ത്രിത മേഖല’ പ്രഖ്യാപിക്കാൻ ഇറാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷഭീതിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 0.54 ശതമാനം ഉയർന്ന് ബാരലിന് 96.80 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡിന്റെ വിലയും 0.72 ശതമാനം ഉയർന്ന് 92.14 ഡോളറിലെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരു വിഭാഗം എണ്ണവിലയിലും 8 മുതൽ 10 ശതമാനം വരെ വർധനയുണ്ടായതായാണ് കണക്ക്.
അതേസമയം, സെപ്റ്റംബർ 6ന് ചേർന്ന ഒപെക് പ്ലസ് യോഗം ഒക്ടോബറിലെ ഉൽപാദന നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലെ വിതരണ തടസ്സങ്ങൾ തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
2026 അവസാനം വരെ എണ്ണ കയറ്റുമതി പരിമിതമായി തുടരാനും 2027ൽ മാത്രമേ പൂർണമായ വീണ്ടെടുക്കൽ സാധ്യമാകൂവെന്നും ചില സ്ഥാപനങ്ങൾ കണക്കാക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ദീർഘിക്കുന്ന പക്ഷം ആഗോള പണപ്പെരുപ്പത്തെയും സാമ്പത്തിക വളർച്ചയെയും ഗുരുതരമായി ബാധിക്കാനിടയുണ്ട്. വരും ദിവസങ്ങളിലെ സൈനിക നീക്കങ്ങളും നയതന്ത്ര ചർച്ചകളുമാകും എണ്ണവിപണിയുടെ ഗതി നിർണയിക്കുക.
