ഒരു രാജ്യവും ഇറാനെ സഹായിക്കരുത്; ഇറാനുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പരോക്ഷ മുന്നറിയിപ്പ്

ഇറാനുമായി ഇന്ത്യ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തള്ളി. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത ഉപരോധ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ വ്യാപാര കരാർ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്ന് റൂബിയോ പറഞ്ഞു. അതേസമയം, രാജ്യങ്ങൾക്ക് സ്വതന്ത്രമായി വിദേശനയം രൂപീകരിക്കാനും ഇറാനുമായി നയതന്ത്രബന്ധം തുടരാനും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ ഉപരോധങ്ങളിൽ നിന്ന് യുഎസ് പിന്നോട്ടുപോകില്ലെന്നും റൂബിയോ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്കും ആണവായുധ പദ്ധതികൾക്കും ആവശ്യമായ വരുമാനം കണ്ടെത്താൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ ആണവശക്തിയാകുന്നത് തടയുകയാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്നും റൂബിയോ പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനുമേൽ സമ്മർദം ശക്തമാക്കുന്നതിനൊപ്പം, ആവശ്യമായാൽ സൈനിക നടപടിക്കും യുഎസ് തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി.

അതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇറാനിലെ ലക്ഷ്യങ്ങളിൽ വൻ ആക്രമണം നടത്തിയതായും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ സമ്മർദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാനും. പുതിയ തന്ത്രം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക