ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം; ധവളപത്രത്തിനെതിരെ പിണറായി വിജയൻ

യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം എടുക്കുന്നതുപോലെയാണ് സർക്കാർ പുറത്തിറക്കിയ ധവളപത്രമെന്ന് പിണറായി വിജയൻ ആരോപിച്ചു.

ജീവനക്കാരുടെ അവകാശങ്ങളിൽ കൈവയ്ക്കാനുള്ള ‘ടെസ്റ്റ് റിഹേഴ്‌സൽ’ ആണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനധികൃത സ്ഥലംമാറ്റം നടത്തുകയും മാനദണ്ഡങ്ങൾ ലംഘിച്ച് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്നും പിണറായി വിജയൻ പറഞ്ഞു.

സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ തൊഴിലാളികളോടുള്ള സമീപനം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധവളപത്രം എന്ന പേരിൽ മറ്റൊരു രേഖ കൂടി സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളികളോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനമാണ് ലേബർ കോഡിലൂടെ വ്യക്തമാകുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു. തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം പോലും പരിമിതപ്പെടുത്തുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ലേബർ കോഡ് പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ റിപ്പോർട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. ലേബർ കോഡിലെ ചില വ്യവസ്ഥകൾ മാത്രമാണ് പ്രശ്നമുള്ളതെന്ന തരത്തിൽ അവതരിപ്പിച്ച് ഒടുവിൽ കോഡ് നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക