പുറത്താക്കുക എന്നത് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം തേടൽ: പി കെ ശശി

പാർട്ടിയിൽ നിന്നു പുറത്താക്കുന്നത് സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴി അല്ലെന്നും, മറിച്ച് എളുപ്പത്തിൽ രക്ഷപ്പെടാനുള്ള ശ്രമമാണെന്നും പി.കെ. ശശി പറഞ്ഞു. ഒരാളെ പുറത്താക്കിയതുകൊണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് പി.കെ. ശശിയുടെ പ്രതികരണം.

താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് പാർട്ടി അറിഞ്ഞ് നൽകിയ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും ലഭിച്ചതെന്നും, അത് ആരുടേയും സൗജന്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നൽകിയ സ്ഥാനങ്ങൾ ശരിയായ രീതിയിലാണ് ഉപയോഗിച്ചതെന്നും ശശി കൂട്ടിച്ചേർത്തു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരേഷ് ബാബു ഒന്നിനും പറ്റാത്ത ആളാണെന്ന് വ്യക്തമായില്ലേയെന്നും, ഇനി അതിന്റെ ഫലം കൂടി കാണാനുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഏതെങ്കിലും നേതാവിന്റെ പിന്നാലെ പോകാനോ, പെട്ടിയെടുക്കാനോ, ഓച്ഛാനിച്ചു നിൽക്കാനോ, കുട പിടിക്കാനോ ജീവിതത്തിൽ ഒരിക്കലും തയ്യാറായിട്ടില്ലെന്നും, മരിക്കുന്നതുവരെ അങ്ങനെ ചെയ്യില്ലെന്നും പി.കെ. ശശി പറഞ്ഞു.

സിപിഎമ്മിനകത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നടപടി നേരിട്ട ചില സഖാക്കൾ ചേർന്ന് ഒരു കൺവെൻഷൻ വിളിച്ചു ചേർത്തിരുന്നു. ആ കൺവെൻഷൻ ഉദ്ഘാടനം ചെയ്യണമെന്ന അഭ്യർത്ഥന മാനിച്ചാണ് താൻ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ വിഷമമുണ്ടെങ്കിലും പോരാട്ടം തുടരുമെന്നും ശശി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക