സ്വകാര്യ സ്കൂൾ ക്യാംപസുകളിൽ രാഷ്ട്രീയമോ മതപരമായ പരിപാടികളോ നടത്തുന്നതിന് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് “തമിഴ്നാട് പ്രൈവറ്റ് സ്കൂൾസ് (റെഗുലേഷൻ) റൂൾസ്, 2023”-ൽ സർക്കാർ ഭേദഗതി വരുത്തി. ഇതോടെ സ്കൂൾ ക്യാംപസുകളിൽ സംഘടനകൾക്കോ വ്യക്തികൾക്കോ രാഷ്ട്രീയമോ മതപരമായ പരിപാടികൾ നടത്താൻ ഇനി അനുമതി ഉണ്ടാകില്ല.
സ്കൂൾ വളപ്പുകളിൽ ആർഎസ്എസ് ശാഖകൾ സംഘടിപ്പിച്ചതിനെ തുടർന്ന് വിവാദം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇനി മുതൽ സ്കൂൾ ക്യാംപസുകൾ പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളുടെ ക്ഷേമപരിപാടികൾക്കുമാത്രം ഉപയോഗിക്കണമെന്ന് മാർച്ച് 2-ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
2024-ൽ ആത്മീയ പ്രഭാഷകനായ മഹാവിഷ്ണു പങ്കെടുത്ത ഒരു പരിപാടി വിവാദമായതിനെ തുടർന്ന് സർക്കാർ സ്കൂളുകളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം കടലൂരിലെ സരസ്വതി വിദ്യാലയത്തിൽ സേവാഭാരതി ക്യാമ്പ് നടത്താൻ അനുമതി നൽകിയതിനെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർ രംഗത്തെത്തുകയും ചെയ്തിരുന്നു.
പുതിയ ഉത്തരവ് ഏതെങ്കിലും പ്രത്യേക സ്ഥാപനത്തെ ലക്ഷ്യമിട്ട് കൊണ്ടുവന്നതല്ലെന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. അതേസമയം, സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള ഇടമായിരിക്കാമെങ്കിലും, രാഷ്ട്രീയം നടത്താനുള്ള വേദിയാകരുതെന്നുമാണ് സംഘടനയുടെ അഭിപ്രായം.
