കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ ആദ്യ ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. ആനക്കാംപൊയിൽ മറിപ്പുഴയിൽ നടന്ന ചടങ്ങിലാണ് തുടക്കച്ചടങ്ങ് നടന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച് നിയന്ത്രിത രീതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന കുറച്ച് ആളുകൾക്കാണ് സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയായ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരന്ന് തുരങ്കം നിർമ്മിക്കുന്നത്. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്ക നിർമാണം നടത്തുന്നത്.
2025 ഓഗസ്റ്റ് 31-നായിരുന്നു മുഖ്യമന്ത്രി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്-2 അനുമതിയും ലഭിച്ചത്. സാൻഡ്‌വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ് എന്ന ഭീമൻ യന്ത്രം ഋഷികേശിൽ നിന്ന് റോഡുമാർഗം വയനാട്ടിലെത്തിച്ചു. തുരങ്ക നിർമാണത്തിനിടെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിന് ആവശ്യമായ കൃത്യമായ ദ്വാരങ്ങൾ ഉണ്ടാക്കുന്നതാണ് ഈ യന്ത്രങ്ങളുടെ പ്രധാന ദൗത്യം.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിൽ നിന്ന് വെറും 22 കിലോമീറ്റർ യാത്രയിൽ മേപ്പാടിയിലെത്താൻ സാധിക്കും. കോഴിക്കോട്–വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ, കള്ളാടി, മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപ പാതകൾ ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിൽ മേപ്പാടി–കള്ളാടി–ചൂരൽമല റോഡുമായും കോഴിക്കോട് ജില്ലയിൽ മറിപ്പുഴ–മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായും തുരങ്കപാത ബന്ധിപ്പിക്കും.
മലയോര ഹൈവേയിൽ നിന്ന് തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് ഏകദേശം പത്ത് കിലോമീറ്റർ മാത്രമാണ് ദൂരം. കേരള പൊതുമരാമത്ത് വകുപ്പാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
