സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ മാറ്റങ്ങൾ സമാനതകളില്ലാത്തത്: മന്ത്രി വീണാ ജോർജ്

കേരളത്തിന്റെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സമാനതകളില്ലാത്ത പുരോഗതിയാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ മറ്റ് ജനറൽ ആശുപത്രികളിൽ അപൂർവമായി മാത്രമേ കാണുന്ന തരത്തിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങളാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

ഒരു മാസത്തിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം അഞ്ച് കോർണിയ ട്രാൻസ്‌പ്ലാന്റേഷൻ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി മന്ത്രി വ്യക്തമാക്കി. സാധാരണക്കാരെ സഹായിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അവയവ മാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ നിരവധി ആധുനിക ചികിത്സകൾ ഇപ്പോൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി ചികിത്സാ സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ടെന്നും കരൾ മാറ്റ ശസ്ത്രക്രിയകൾ ഇപ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിജയകരമായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും കാത്ത്‌ലാബ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, ചികിത്സാ സഹായവും ഇൻഷുറൻസും ഉൾപ്പെടുന്ന പദ്ധതിയിലൂടെ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന സംവിധാനത്തിലൂടെ 42.5 ലക്ഷം പേർക്ക് ഇതിനകം സഹായം ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ആരോഗ്യ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും ജനങ്ങളെ ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

മറുപടി രേഖപ്പെടുത്തുക