രാജ്യത്ത് ഗ്രാമപ്രദേശങ്ങളിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ഈ തീരുമാനം. നഗരപ്രദേശങ്ങളിൽ എൽപിജി ബുക്കിംഗ് ഇടവേള 25 ദിവസമായി തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം കപ്പൽ സർവീസുകൾ കുറയുകയും, അതിന്റെ ഫലമായി ഊർജ വിതരണ ശൃംഖലയിൽ തടസ്സം നേരിടുകയും ചെയ്തതാണ് പാചകവാതക ക്ഷാമത്തിന് കാരണമായത്.
സിലിണ്ടർ വിതരണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഗ്യാസ് ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഏകദേശം 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ കൂട്ടത്തോടെ അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാചകവാതക ക്ഷാമം മൂലം ചില സ്കൂളുകളിൽ വിറകുപയോഗിച്ച് പാചകം നടത്താൻ നിർദേശം നൽകിയിട്ടുമുണ്ട്.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സാധാരണപോലെ ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചെങ്കിലും, വാണിജ്യ ആവശ്യത്തിനുള്ള എൽപിജിയുടെ ലഭ്യത സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.
