യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക എന്നും ഇനി വരും ദിവസങ്ങളിലും വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സിപിഐഎം തകർച്ചയിലാണെന്നും പാർട്ടി നേതൃത്വത്തിന് അധഃപതനമുണ്ടായെന്നും സതീശൻ വിമർശിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നത് പാർട്ടിയിലെ തന്നെ പ്രധാനപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലെ വിഷയത്തിൽ യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്തൂർ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്നാരോപിക്കപ്പെടുന്ന ആളെയാണ് സിപിഐഎം സ്ഥാനാർത്ഥിയാക്കിയതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
അതേസമയം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിൽ അടിയന്തരതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് പ്രതികരിച്ചു. ഇന്ന് പട്ടിക പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ അഭിപ്രായഭിന്നത ശക്തമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
