ശ്രീലങ്കയിൽ ഇന്ധനക്ഷാമം; പ്രവൃത്തി ദിനങ്ങൾ നാലാക്കി കുറച്ചു

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ കടുത്ത ഇന്ധന ക്ഷാമം തുടരുന്നതിനാൽ സർക്കാർ പ്രവൃത്തിദിനം നാലാക്കി ചുരുക്കി. നിലവിൽ അഞ്ച് ദിവസമായിരുന്ന പ്രവൃത്തിദിനക്രമം മാറ്റി, എല്ലാ ബുധനാഴ്ചകളും പൊതു അവധിയായി പ്രഖ്യാപിച്ചു.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ഈ അവധി ബാധകമാണ്. സ്വകാര്യ മേഖലയിലും ബുധനാഴ്ച അവധി നൽകാൻ സ്ഥാപനങ്ങളോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി എല്ലാ പൊതു പരിപാടികളും നിർത്തിവയ്ക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പൂർണ്ണമായും എണ്ണ ഇറക്കുമതിയിൽ ആശ്രയിക്കുന്ന രാജ്യമായതിനാൽ പശ്ചിമേഷ്യയിലെ സംഘർഷം ശ്രീലങ്കയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

ഇതിനിടെ, ഞായറാഴ്ച മുതൽ റേഷൻ അടിസ്ഥാനത്തിലാണ് ഇന്ധന വിതരണം. ഓരോ സ്വകാര്യ വാഹനത്തിനും ആഴ്ചയിൽ 15 ലിറ്റർ പെട്രോളോ ഡീസലോ മാത്രമേ ലഭിക്കൂ. പൊതുഗതാഗത വാഹനങ്ങൾക്ക് 200 ലിറ്റർ വരെ അനുവദിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക