പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന അഭിപ്രായവുമായി ആർ എസ് എസ് മേധാവി മോഹൻ ഭഗവത് രംഗത്ത്. നിരവധി രാജ്യങ്ങൾ സമാധാന ശ്രമങ്ങളിൽ ഇന്ത്യയോടാണ് പ്രതീക്ഷ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ വിദർഭ പ്രാന്ത കാര്യാലയത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് ഉള്ള വിശ്വാസ്യത ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് മാത്രമേ സാധിക്കൂ എന്ന നിലപാടാണ് പല രാജ്യങ്ങളും പ്രകടിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് സ്വാർത്ഥ താത്പര്യങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും കാരണമാണെന്ന് അദ്ദേഹം വിമർശിച്ചു. ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരമായ സമാധാനം കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി സംഘർഷ പരിഹാരത്തിനായി ലോകം പല ആശയങ്ങളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ചെറിയ വിജയങ്ങൾ മാത്രമാണ് കൈവരിക്കാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
