അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് വീണ്ടും ശക്തമായി തുടരുന്നു. ഇറാനെതിരായ സൈനിക നടപടികള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാൾ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാന് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.
ട്രംപുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും, തങ്ങളുടെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം പിന്മാറിയതെന്നും ഇറാന് വ്യക്തമാക്കി. എണ്ണവില കുറയ്ക്കാനുള്ള നാടകീയ നീക്കമാണ് ഇതെന്നുമാണ് ഇറാന്റെ ആരോപണം. യുദ്ധം ഒഴിവാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇടപെട്ടെങ്കിലും, ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ നിരസിച്ചുവെന്നും ഇറാന് വ്യക്തമാക്കി. യുദ്ധം ആരംഭിച്ച രാജ്യം ആയ ഇസ്രായേൽ തന്നെയാണ് വെടിനിര്‍ത്തലിന് മുന്‍കൈ എടുക്കേണ്ടതെന്നും ഇറാന് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ട്രംപ് തന്റെ ട്രൂത് സോഷ്യൽ അക്കൗണ്ടിലൂടെ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ നടപടികള്‍ ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍, ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാന് വീണ്ടും നിഷേധവുമായി രംഗത്തെത്തി. അമേരിക്കയുമായി നേരിട്ടോ പരോക്ഷമായോ യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. Fars News Agency റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ മുന്നറിയിപ്പുകളാണ് ട്രംപിനെ പിന്തിരിപ്പിച്ചതെന്നും, സ്വന്തം പരാജയം മറയ്ക്കാന്‍ ചര്‍ച്ചകളുടെ പേരില്‍ നാടകമൊരുക്കുകയാണെന്നും ഇറാന് ആരോപിച്ചു.
മുന്‍പ് പ്രഖ്യാപിച്ച 48 മണിക്കൂര്‍ സമയപരിധി അവസാനിക്കാന്‍ മുമ്പാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഒരു വശത്ത് ചര്‍ച്ചകള്‍ നടക്കുന്നതായി അമേരിക്ക അവകാശപ്പെടുമ്പോള്‍, മറുവശത്ത് ഇറാന് അതിനെ പൂര്‍ണമായി നിഷേധിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയാണ്.
ഇതിനിടെ, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ കുത്തനെ ഇടിവുണ്ടായതും ശ്രദ്ധേയമാണ്.
