“ചില്ലറ വോട്ടിനായി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല”: പിണറായി വിജയൻ

ചില്ലറ വോട്ടിനും ഏതാനും സീറ്റുകൾക്കുമായി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ എല്ലാം ശ്രദ്ധിച്ച് കാണുന്നുണ്ടെന്നും, അതനുസരിച്ച് അവർ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയം സാധാരണ കണക്കുപോലെ “രണ്ട് കൂടി രണ്ട് നാല്” എന്ന രീതിയിൽ വിലയിരുത്താനാവില്ലെന്നും, അത്തരമൊരു കണക്കുകൂട്ടലിലാണ് മുൻകാലത്ത് കോലീബി സഖ്യം രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയും ബേപ്പൂരും ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുഡിഎഫിനും ബിജെപിക്കും ഉള്ള വോട്ടുകൾ ചേർത്ത് ഇടതുപക്ഷത്തെ തോൽപ്പിക്കാമെന്നായിരുന്നു അന്നത്തെ ശ്രമമെന്നും കൂട്ടിച്ചേർത്തു.

ബിജെപിയെ ജയിപ്പിക്കാമെന്ന ധാരണയിലായിരുന്നു ആ നീക്കം, എന്നാൽ അത് പുറത്തായതോടെ ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചുവെന്നും, ഇതോടെ വടകര ലോക്സഭ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും ഇടതുപക്ഷം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്തുന്നുണ്ടെന്നും, ജനങ്ങളെയും നാടിനെയും ചെറുതായി കാണരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കേരളം മതനിരപേക്ഷതയുടെ നാടാണെന്നും, ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും സഹോദരന്മാരായി ജീവിക്കാൻ കഴിയുന്ന സ്ഥലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുമ്പോൾ, 1977ലെ സാഹചര്യങ്ങൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആർഎസ്എസിനെതിരെ ശക്തമായ നിലപാട് എടുത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും, ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകാൻ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെ അയച്ചതായി കോൺഗ്രസ് നേതാവ് തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. 1977ൽ ആർഎസ്എസ് പിന്തുണയിൽ വിജയിച്ചെന്ന ആരോപണത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക