യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി . ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം റബറിന്റെ പ്രധാന ഉത്പാദക സംസ്ഥാനമാണെന്നും രാജ്യത്തെ ഏകദേശം 90 ശതമാനം റബറും ഇവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് റബറിന്റെ താങ്ങുവില പ്രധാന പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി. 2016ലെ പ്രകടനപത്രികയില്‍ 250 രൂപ താങ്ങുവില വാഗ്ദാനം ചെയ്തിരുന്ന എൽഡിഎഫ് സര്‍ക്കാരിന് അത് നടപ്പാക്കാനായില്ലെന്നും, 2026ല്‍ 200 രൂപ മാത്രമാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ വിപണിയില്‍ റബറിന്റെ വില ഏകദേശം 220 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഉത്പന്നങ്ങള്‍ക്ക് യുക്തമായ വില ഉറപ്പാക്കാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും, അധികാരത്തിലെത്തിയാല്‍ റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം ചോദിച്ചപ്പോള്‍, പുതുപ്പള്ളി മണ്ഡലം നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 50 വര്‍ഷം ജനസേവനം നടത്തിയ മണ്ഡലമാണിത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
