വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ ലഭിച്ചത് ആകെ 5,38,21,632 രൂപയാണെന്നും, ഈ തുക ഭൂമി വാങ്ങുന്നതിനും ആപ്പ് വികസനത്തിനുമായി ചെലവായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ വീട് നിർമാണത്തിനായി അക്കൗണ്ടിൽ പണമില്ലെങ്കിലും, കെപിസിസിയുടെയും എഐസിസിയുടെയും ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കുമെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് വഴി 1.05 കോടി രൂപയും സമാഹരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97,51,212 രൂപ വിനിയോഗിച്ചതായും അറിയിച്ചു. വയനാട് ഫണ്ട് സമാഹരണത്തിനായുള്ള ആപ്പ് നിർമ്മാണത്തിന് 9.3 ലക്ഷം രൂപ ചെലവായതായും, ആദ്യഘട്ടത്തിൽ ഭൂമി വാങ്ങുന്നതിനായി 3.68 കോടി രൂപയും രണ്ടാംഘട്ടമായി 2 ഏക്കർ 18 സെന്റ് ഭൂമി സ്വന്തമാക്കാൻ 2,50,30,275 രൂപയും ചെലവായതായും അദ്ദേഹം വിശദീകരിച്ചു.
ഇപ്പോൾ ഭവന നിർമാണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമല്ലെന്നും, രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾക്ക് കൂടി ഏകദേശം 73 ലക്ഷം രൂപ കൂടി വേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസിയുടെയും എഐസിസിയുടെയും സഹായത്തോടെ ഭവന നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇതിനിടെ, കണ്ണൂരിലെ തെരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻയും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പേരാവൂരിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ബാലറ്റ് പേപ്പർ ലഭിക്കാത്തതായും, വോട്ടുപെട്ടിയുടെ ദ്വാരം വലുതാണെന്നുമുള്ള പരാതികൾ ഉന്നയിച്ചപ്പോൾ കളക്ടർ അപമാനകരമായി പ്രതികരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
