തൃശ്ശൂർ വാടാനപ്പള്ളിയിൽ ഉണ്ടായ ബിജെപിയുടെ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റിന്റെ അനുമതി പൊലീസ് തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രതിനിധിത്വ നിയമത്തിലെയും വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കിറ്റ് വിതരണം സംബന്ധിച്ച വിവാദത്തെ തുടർന്ന് യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം വലിയ സംഘർഷം ഉണ്ടായിരുന്നു. ബിജെപി കിറ്റുകൾ വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം.
ഇതിനിടെ, ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരോപണങ്ങളിൽ സത്യസന്ധതയില്ലാത്തതിനാലാണ് പൊലീസ് ഇതുവരെ കേസെടുക്കാത്തതെന്ന് ബിജെപി വാദിക്കുന്നു. കേസ് എടുക്കാൻ കഴിയുമെങ്കിൽ എടുക്കട്ടെയെന്ന് സുരേഷ് ഗോപി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
