ലെബനനെതിരെ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ; കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാന്റെ ഭീഷണി; ഹോർമുസ് വീണ്ടും അടച്ചുപൂട്ടും

മിഡിൽ ഈസ്റ്റിൽ സമാധാനം ലക്ഷ്യമാക്കി അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ. ലെബനനിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് കരാറിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇസ്രായേൽ നടപടികളെ ഗൗരവമായി കാണുന്ന ഇറാൻ, കരാറിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക എണ്ണ ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്ക് വീണ്ടും തടയുമെന്ന ഇറാന്റെ പ്രഖ്യാപനം പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചു.

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലാണ് ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതായിരുന്നു കരാറിന്റെ പ്രധാന വ്യവസ്ഥ. എന്നാൽ ഈ കരാർ ലെബനന് ബാധകമല്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടികൾ തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഇതിനിടെ, ബെയ്‌റൂട്ടിനെ ഉൾപ്പെടെ ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഇസ്രായേലിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ തുറന്ന ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ആക്രമണം തുടർന്നാൽ കരാറിൽ നിന്ന് പിന്മാറേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാൻ സായുധ സേന വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയിൽ ആഗോള എണ്ണ വിപണിയും സമ്മർദ്ദത്തിലായിരിക്കുകയാണ്. അടുത്തിടെ കടലിടുക്ക് തടഞ്ഞതിനെ തുടർന്ന് എണ്ണവില ഉയർന്നിരുന്നു. നിലവിലെ സാഹചര്യവും അതേ ദിശയിലേക്കാണ് സൂചിപ്പിക്കുന്നത്.

ഇതിനിടെ, സ്ഥിരമായ സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിൽ പുതിയ നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് പൂർണ്ണ സൈനിക നിയന്ത്രണവും അതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശവും ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. മറുവശത്ത്, ലെബനന് ഈ കരാർ ബാധകമല്ലെന്ന നിലപാട് യുഎസും ഇസ്രായേലും ആവർത്തിക്കുന്നു. പരസ്പരവിരുദ്ധമായ ഈ നിലപാടുകൾ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയാകുകയാണ്.

മറുപടി രേഖപ്പെടുത്തുക