മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ തല്‍പ്പരനല്ല; എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും: കെസി വേണുഗോപാൽ

സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ തനിക്ക് താൽപര്യമില്ലെന്നും, മെയ് നാലിന് ഫലം വന്നതിന് ശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് വ്യക്തമായ ലീഡർഷിപ്പും സംവിധാനവുമുണ്ടെന്നും, എല്ലാം ചേർന്നാലോചിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കിടയിൽ ഇത്തരം വിഷയങ്ങൾ വലിച്ചിഴച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ മറ്റു പ്രവർത്തകരോടും ഇതേ നിലപാടാണ് പറയാനുള്ളതെന്നും, യുഡിഎഫിന് അനുകൂലമായ വിധിയുണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. അതിനാൽ ജനവിശ്വാസം നിലനിർത്തി മുന്നോട്ട് പോകുക മാത്രമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കൾ എല്ലാം ശാന്തരാണെന്നും, കെ. സുധാകരൻ ഉൾപ്പെടെ ആരും പരസ്യവിവാദങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നെക്കുറിച്ച് ചില മാധ്യമങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, “വട്ടപ്പൂജ്യം” എന്ന വിമർശനം കഴിഞ്ഞ പത്ത് വർഷമായി കേൾക്കുന്നതാണെന്നും, അത് മാധ്യമങ്ങളുടെ അഭിപ്രായമാണെങ്കിൽ അവർക്ക് അതുപോലെ തീരുമാനിക്കാമെന്നും പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന പ്രവചനങ്ങൾ തെറ്റായതായി തെളിഞ്ഞെന്നും, കാര്യങ്ങൾ വളരെ സ്മൂത്തായി നടന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഇനി വരുന്ന തീരുമാനങ്ങളും സമാധാനപരമായി കൈക്കൊള്ളുമെന്നും, പാർട്ടിയുടെ സംവിധാനങ്ങൾ പ്രകാരം നേതാക്കളുമായി ചേർന്ന് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. സുധാകരൻ പറഞ്ഞത് പൊതുവായ വിഷയങ്ങളിലായിരുന്നു എന്നും, രാജ്യത്താകെ ചർച്ചയാകുന്ന ഡിലിമിറ്റേഷൻ വിഷയത്തിൽ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും വേണുഗോപാൽ വിമർശിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ നൽകാതെ കോൺഗ്രസിനുള്ളിലെ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധ തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ, വനിതാ സംവരണ ബിൽ 2023-ൽ പാസാക്കിയിട്ടും അത് നടപ്പാക്കാൻ കേന്ദ്രസർക്കാർ വൈകുന്നതിനെക്കുറിച്ചും അദ്ദേഹം ചോദ്യം ഉയർത്തി. 543 അംഗ ലോക്സഭയിൽ വനിതാ സംവരണം നടപ്പാക്കാൻ തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

മറുപടി രേഖപ്പെടുത്തുക