ഇസ്രായേലിലേക്ക് എത്തിക്കാൻ കൊണ്ടുവന്ന യുകെ സൈനിക ഉപകരണങ്ങൾ ബെൽജിയം പിടിച്ചെടുത്തു

ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യാനിരുന്ന രണ്ട് സൈനിക ഉപകരണ ഘടകങ്ങൾ ബെൽജിയൻ അധികൃതർ പിടിച്ചെടുത്തതായി ഡീക്ലാസിഫൈഡ് യുകെ റിപ്പോർട്ട് ചെയ്തു. മാർച്ച് 24-ന് യുകെയിൽ നിന്ന് ബെൽജിയത്തിലെ ലീജ് വിമാനത്താവളത്തിലെത്തിച്ച ഈ ചരക്കുകൾ, രണ്ട് ദിവസങ്ങൾക്ക് ശേഷം ഇസ്രായേൽ ആസ്ഥാനമായ ചലഞ്ച് എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ ടെൽ അവീവിലേക്ക് അയയ്ക്കാനായിരുന്നു പദ്ധതി.

വ്രെഡെസാക്റ്റി എന്ന എൻജിഒ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ അടിയന്തരമായി ഇടപെട്ട് ചരക്ക് പരിശോധിച്ചതെന്ന് വാലോണിയ മേഖല മേധാവി അഡ്രിയൻ ഡോളിമോണ്ട് വ്യക്തമാക്കി.

“ഇസ്രായേലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. സൈനിക ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾക്ക് ലൈസൻസ് അനുവദിക്കില്ല,” എന്ന് ഡോളിമോണ്ട് പറഞ്ഞു.

ഉത്തരവാദികളായ കമ്പനികളുടെ പേരുകൾ ബെൽജിയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഷിപ്പിംഗ് രേഖകൾ പ്രകാരം ഈ ഉപകരണങ്ങൾ സൈനിക വിമാനങ്ങളുമായി ബന്ധപ്പെട്ടതും അഗ്നി നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധപ്പെട്ടതുമായിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻപ് ലീജ് വഴി യുകെയിൽ നിന്ന് ഇസ്രായേലിലേക്ക് അയച്ച ചരക്കുകൾ ബ്രിട്ടനിൽ ഫാക്ടറികളുള്ള യുഎസ് ആസ്ഥാനമായ എയ്‌റോസ്‌പേസ് കമ്പനി മൂഗ് നൽകിയതാണെന്നും കസ്റ്റംസ് രേഖകൾ ചൂണ്ടിക്കാട്ടുന്നു.

ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ആയുധ കരാറുകൾ പുനഃപരിശോധിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും ഇസ്രായേൽ സാധാരണ ജനങ്ങളെ വിവേചനമില്ലാതെ ലക്ഷ്യമിടുന്നതായി ആരോപണം ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ നടപടി ശ്രദ്ധേയമാകുന്നത്.

മറുപടി രേഖപ്പെടുത്തുക