പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലികൾക്കിടെ ഝാർഗ്രാമിലെ ഒരു കടയിൽ നിന്ന് ഝാൽമുരി കഴിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനെതിരെ മമത ബാനർജി രംഗത്തെത്തി കടുത്ത വിമർശനം ഉന്നയിച്ചു.
ഝാൽമുരി കഴിച്ചതിനെ മമത “നാടകം” എന്നാണ് വിശേഷിപ്പിച്ചത്. “കടയിൽ മുൻകൂട്ടി മൈക്രോഫോൺ സ്ഥാപിച്ച്, എസ്.പി.ജി ഉപയോഗിച്ച് ഒരു രംഗം സൃഷ്ടിച്ചതാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള നാടകങ്ങൾ പതിവാണ്,” എന്നാണ് അവര്‍ ആരോപിച്ചത്. ഝാൽമുരി ഇതിനകം തന്നെ തയ്യാറാക്കിയതാണെന്നും, അല്ലെങ്കിൽ കടയ്ക്കുള്ളിൽ ക്യാമറ സ്ഥാപിക്കേണ്ട ആവശ്യം എന്താണെന്നും മമത ചോദിച്ചു.
മോദിയുടെ റാലികളിൽ പങ്കെടുക്കാൻ പുറത്തുനിന്ന് ആളുകളെ ട്രെയിനുകളിൽ കൊണ്ടുവരുന്നുവെന്നും, പ്രാദേശികമായി മതിയായ പിന്തുണയില്ലെന്നും മമത ആരോപിച്ചു. കൂടാതെ, സമ്മർദ്ദം ചെലുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
മൂന്ന് ആഴ്ചയ്ക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മമത, ഇവിഎമ്മുകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വോട്ടെണ്ണലിൽ കൃത്രിമം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും, അവസാനം വരെ ജാഗ്രത പാലിക്കണമെന്നും അവര്‍ നിർദ്ദേശിച്ചു.
