കുംഭമേള വൈറൽ താര വിവാഹ വിവാദം: ഫർമ്മാനെതിരെ കേസെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദേശം

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ പങ്കാളിയായ ഫർമ്മാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം ലഭിച്ചു. പോക്സോ നിയമവും പട്ടികവർഗ അതിക്രമ നിരോധന നിയമവും പ്രകാരം കേസെടുക്കാനാണ് ദേശീയ പട്ടികവർഗ കമ്മീഷൻ നിർദേശിച്ചതെന്നാണ് വിവരം. അറസ്റ്റ് ഇതുവരെ എന്തുകൊണ്ട് നടന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷൻ ചോദ്യം ചെയ്തു.

അതേസമയം, മകളെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. മകളിൽ നിന്ന് നിർബന്ധിച്ച് മൊഴി വാങ്ങുകയാണെന്നാരോപിച്ച് പിതാവും രംഗത്തെത്തി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫർമ്മാൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.

മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. അന്ന് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതും ചർച്ചയായി. 18 വയസ് തികഞ്ഞതായി കാണിച്ചിരുന്ന സർട്ടിഫിക്കറ്റാണ് കമ്മീഷന്റെ നിർദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. 2008 ജനുവരി 1 എന്നായിരുന്നു ജനനത്തീയതി രേഖപ്പെടുത്തിയിരുന്നത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ആധാർ, പാൻ കാർഡുകൾ എടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായ രേഖകളോടെയാണെന്നും, വിവാഹത്തിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ രേഖകൾ പരിശോധിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, വിവാഹത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. പെൺകുട്ടിയുടെ വാദം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്

മറുപടി രേഖപ്പെടുത്തുക