ഹോർമുസ് വഴി ഇറാനിയൻ കപ്പലുകൾ യാത്ര തുടരുന്നു; യുഎസ് ഉപരോധ അവകാശവാദം ചോദ്യം ചെയ്ത് അന്താരാഷ്ട്ര റിപ്പോർട്ടുകൾ

ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ഇറാനുമായി അന്തിമ കരാറിലെത്തുന്നതുവരെ സമുദ്ര ഉപരോധം പിൻവലിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ട് അധികമായില്ല . ഉപരോധം വലിയ വിജയമാണെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ യുഎസ് ഉപരോധങ്ങൾക്കിടയിലും ഇറാനിയൻ കപ്പലുകൾ യാത്ര തുടരുന്നുവെന്നതാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, ഈ മാസം 13 മുതൽ യുഎസ് ഉപരോധം നിലവിൽ വന്നതിനുശേഷം കുറഞ്ഞത് 34 ഇറാൻ ബന്ധമുള്ള ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചു. ഇതിൽ 19 ടാങ്കറുകൾ ഗൾഫ് മേഖല വിട്ടുപോയപ്പോൾ 15 എണ്ണം ഗൾഫിലേക്ക് പ്രവേശിച്ചു. പുറപ്പെട്ട ആറു കപ്പലുകളിൽ ഏകദേശം 10.7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുണ്ടായിരുന്നുവെന്നും, ഇതിലൂടെ ഇറാന് ഏകദേശം 910 ദശലക്ഷം ഡോളർ വരുമാനം ലഭിച്ചതായും കണക്കാക്കുന്നു.

ഇതിനിടെ, യുഎസ് സേന ഒരു കണ്ടെയ്നർ കപ്പൽ മാത്രം പിടിച്ചെടുത്തതും 28 കപ്പലുകൾ തിരിച്ചയച്ചതുമാണെന്ന് സെൻട്രൽ അമേരിക്കൻ കമാൻഡ് അറിയിച്ചു.

യുഎസ് നിരീക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇറാനിയൻ കപ്പലുകൾ അത്യാധുനിക മാർഗങ്ങൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ‘ഡൊറീന’ എന്ന സൂപ്പർടാങ്കർ ട്രാൻസ്‌പോണ്ടർ ഓഫാക്കി കടലിടുക്ക് മുറിച്ചുകടന്നതായും പിന്നീട് മലേഷ്യ തീരത്ത് മറ്റൊരു കപ്പലിലേക്ക് എണ്ണ കൈമാറി ഉത്ഭവം മറച്ചതായും കണ്ടെത്തി. ‘മുരളികിഷൻ’, ‘അലീഷ്യ’ എന്നീ ടാങ്കറുകളും മുമ്പത്തെ ഉപരോധങ്ങൾ മറികടന്ന് ഗൾഫിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഇറാനും കടുത്ത പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സ്വന്തമാക്കിയതായി ഇറാൻ അവകാശപ്പെട്ടു. കടലിടുക്ക് വഴിയുള്ള എല്ലാ കപ്പലുകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് നേവിയുടെ അനുമതി തേടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സിവിലിയൻ കപ്പലുകൾക്ക് പ്രത്യേക പാത നിർദേശിച്ചിരിക്കുമ്പോൾ സൈനിക കപ്പലുകളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

ഫ്രഞ്ച്, ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പ് സംഘർഷം രൂക്ഷമാക്കുന്ന സാഹചര്യം സൃഷ്ടിച്ചു. യുഎസിന്റെയും ഇറാന്റെയും “ഇരട്ട ഉപരോധം” നേരിടേണ്ടിവരുന്നതായി കപ്പൽ ഉടമകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക