പാകിസ്ഥാനിൽ ജനാധിപത്യം എന്നത് വെറും കടലാസിൽ മാത്രമായി ഒതുങ്ങുകയാണെന്നും, അവിടുത്തെ സിവിലിയൻ ഭരണകൂടം കേവലം ഒരു പാവ മാത്രമാണെന്നും അന്താരാഷ്ട്ര രഹസ്യാന്വേഷണ വൃത്തങ്ങൾ ആവർത്തിച്ച് വ്യക്തമാക്കാറുണ്ട്. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് രാജ്യത്തെ നിഗൂഢമായി നിയന്ത്രിക്കുന്ന സൈനിക ശക്തികൾ ഇപ്പോൾ പാകിസ്ഥാനെ പൂർണ്ണമായ ഒരു സൈനിക സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ രാജ്യത്തെ മുഴുവൻ പ്രതിരോധ-സിവിലിയൻ സംവിധാനങ്ങളെയും തന്റെ ഒരൊറ്റ കമാൻഡിന് കീഴിലാക്കാൻ നടത്തുന്ന നീക്കങ്ങൾ പാകിസ്ഥാനെ മറ്റൊരു വലിയ ചോരപ്പുഴയിലേക്കും ആഭ്യന്തര കലാപത്തിലേക്കുമാണ് തള്ളിവിടുന്നത്.
നേരത്തെ പാകിസ്ഥാന്റെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയായ ‘ഐ.എസ്.ഐ’യുടെ തലവനായിരുന്ന അസിം മുനീർ, രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും പോലീസ് സേനകളെ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. രാജ്യത്തെ ആഭ്യന്തര സുരക്ഷയും പ്രതിരോധവും ഒരൊറ്റ സൈനിക മേധാവിക്ക് കീഴിൽ കൊണ്ടുവന്ന് സ്വയം പരമോന്നത അധികാരിയാകുക എന്നതാണ് മുനീറിന്റെ ലക്ഷ്യം.
ഈ നീക്കം നടപ്പിലാകുന്നതോടെ പാകിസ്ഥാനിലെ പ്രവിശ്യാ സർക്കാരുകൾക്ക് തങ്ങളുടെ പോലീസ് സേനയ്ക്ക് മേലുള്ള അധികാരം പൂർണ്ണമായും നഷ്ടപ്പെടുകയും ഭരണം അക്ഷരാർത്ഥത്തിൽ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തിന്റെ കൈകളിലാവുകയും ചെയ്യും.
സൈന്യത്തിന്റെ ഈ ഏകപക്ഷീയമായ കടന്നുകയറ്റം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരും സൈനിക നേതൃത്വവും തമ്മിലുള്ള കടുത്ത കൊമ്പുകോർക്കലിന് കാരണമായിട്ടുണ്ട്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നാണയപ്പെരുപ്പം മൂലവും വിദേശകടം മൂലവും പൂർണ്ണമായി തകർന്നിരിക്കുന്ന സാഹചര്യത്തിലും, പ്രതിരോധ ചെലവുകൾ 25 ശതമാനം വർദ്ധിപ്പിക്കണമെന്ന് ജനറൽ മുനീർ നിർബന്ധം പിടിക്കുകയാണ്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പണം ചിലവഴിക്കാൻ പോലുമാകാതെ രാജ്യം പട്ടിണിയിലായിരിക്കുമ്പോൾ സൈന്യത്തിന് വേണ്ടി ഇത്രയും വലിയ തുക നീക്കിവെക്കാൻ കഴിയില്ലെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്നു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി , തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ തുടങ്ങിയ തീവ്രവാദ സംഘടനകളെ ഒതുക്കാൻ സുരക്ഷാ സേനകൾക്കിടയിൽ ഏകോപനം വേണമെന്നാണ് പോലീസിനെ പിടിച്ചെടുക്കുന്നതിന് ന്യായീകരണമായി സൈന്യം പറയുന്നത്. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. അയൽരാജ്യമായ അഫ്ഗാൻ- താലിബാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ പാളിയതും, അതിർത്തിയിലെ സുരക്ഷാ പരാജയങ്ങളും മൂലം സൈന്യത്തിന് ജനങ്ങൾക്കിടയിൽ ഉണ്ടായ അപമാനം മറയ്ക്കാനാണ് മുനീർ ഇപ്പോൾ ആഭ്യന്തരമായി ഈ അധികാരക്കളി കളിക്കുന്നത്. തന്റെ വ്യക്തിപരമായ പ്രശസ്തിയും സൈന്യത്തിന്റെ മേൽക്കോയ്മയും നിലനിർത്താനുള്ള ഒരു പുകമറ മാത്രമാണ് ഈ പരിഷ്‌കാരങ്ങൾ.
അധികാരമുറപ്പിക്കാൻ സൈന്യം നടത്തുന്ന ഈ നീക്കങ്ങൾ ഇതിനകം തന്നെ കലുഷിതമായ സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നീ പ്രവിശ്യകളിൽ വൻ സ്ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ പ്രാദേശിക പ്രകൃതിവിഭവങ്ങൾ മുഴുവൻ സൈന്യം കൊള്ളയടിച്ച് ഇസ്ലാമാബാദിലേക്കും റാവൽപിണ്ടിയിലേക്കും മാറ്റുകയാണെന്ന് ആരോപിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങി കഴിഞ്ഞു.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങൾ നടക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, ക്രമസമാധാന ചുമതലയുള്ള പോലീസിനെക്കൂടി സൈന്യത്തിന്റെ കീഴിലാക്കുന്നത് പ്രവിശ്യകളിലെ ജനങ്ങളെ കൂടുതൽ അക്രമാസക്തരാക്കും. പോലീസും ജനങ്ങളും സൈന്യത്തിനെതിരെ തിരിയുന്ന ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ പൂർണ്ണമായ പതനത്തിലായിരിക്കും കലാശിക്കുകയെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
