ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ നേതാവുമായ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഡൽഹിയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിനെ നേരിൽ കണ്ടാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്.
അണ്ണാമലൈയുടെ രാജി ബി.ജെ.പി കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്താൻ ബി.ജെ.പി ഉന്നത നേതൃത്വം അവസാന നിമിഷം വരെ അനുനയ ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
തമിഴ്നാട്ടിൽ ബി.ജെ.പി സ്വന്തം നിലയിൽ ശക്തിയാർജ്ജിക്കുന്നതിന് പകരം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ യുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് അണ്ണാമലൈയുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ബി.ജെ.പി വിട്ട അണ്ണാമലൈ ‘തമിഴ് ആദ്യം’ എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം മുൻനിർത്തി ഉടൻ തന്നെ പുതിയൊരു പ്രാദേശിക പാർട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. അണ്ണാമലൈയുടെ അപ്രതീക്ഷിത രാജി തമിഴ്നാട്ടിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. തമിഴ് രാഷ്ട്രീയത്തിൽ അതുവരെ വലിയ ചലനങ്ങളുണ്ടാക്കാൻ കഴിയാതിരുന്ന ബി.ജെ.പിയെ തന്റെ ആക്രമണാത്മകമായ പ്രചാരണ ശൈലിയിലൂടെയും ഭരണകക്ഷിയായ ഡി.എം.കെക്കെതിരെയുള്ള നിശിതമായ വിമർശനങ്ങളിലൂടെയും ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറ്റിയെടുക്കുന്നതിൽ അണ്ണാമലൈ നിർണ്ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അണ്ണാമലൈയുടെ പുറത്തുപോക്ക് ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ മുന്നേറ്റങ്ങൾക്ക് വലിയൊരു തിരിച്ചടിയായി മാറിയേക്കും.
