ബോളിവുഡിൽ തിളങ്ങിനിന്ന തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ പെട്ടെന്നൊരു ഇടവേളയെടുത്ത് മാറിനിന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി ദിയ മിർസ. പ്രശസ്ത താരം സോഹ അലി ഖാൻ അവതരിപ്പിക്കുന്ന “ഓൾ എബൗട്ട് ഹെർ” എന്ന പോഡ്കാസ്റ്റിലാണ്, കരിയറിന്റെ ഏറ്റവും മികച്ച സമയമായിരുന്നിട്ടും തന്റെ 24-ാം വയസ്സിൽ സിനിമയിൽ നിന്ന് സ്വയം ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ‘റെഹ്നാ ഹേ ടെറെ ദിൽ മേൻ’ നടി വെളിപ്പെടുത്തിയത്.
സാമ്പത്തിക സ്വാതന്ത്ര്യവും വലിയ പ്രൊഫഷണൽ വിജയവും നേടിയിട്ടും മാനസികമായി തനിക്ക് അസംതൃപ്തിയാണ് തോന്നിയതെന്നും, അതുകൊണ്ടാണ് ജീവിതത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ താൽക്കാലികമായി സിനിമയിൽ നിന്ന് മാറിനിന്നതെന്നും ദിയ പങ്കുവെച്ചു.
ആ രണ്ട് വർഷത്തെ ഇടവേള തന്റെ ജീവിതത്തിലേക്കുള്ള ഒരു “തിരിച്ചുവരവ്” ആയിരുന്നുവെന്നാണ് നടി വിശേഷിപ്പിച്ചത്. സന്തോഷവും ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യവും വീണ്ടും കണ്ടെത്താൻ ആ വിശ്രമകാലം തന്നെ എങ്ങനെയാണ് സഹായിച്ചതെന്നും താരം ഓർത്തെടുത്തു.
“പലരെയും പോലെ ഞാനും കേവലം ചരക്ക്വൽക്കരണത്തിന്റെ ലോകത്തേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. ഒരു മോഡൽ എന്ന നിലയിൽ എന്റെ പ്രാഥമിക ജോലി എന്ത് സാധനവും വിൽക്കുക എന്നതായിരുന്നു. എന്നാൽ ഉള്ളിന്റെയുള്ളിൽ എനിക്ക് വലിയൊരു ഇരട്ടത്താപ്പ് അനുഭവപ്പെട്ടു തുടങ്ങി. വാസ്തവത്തിൽ, ഞാൻ സിനിമകളിൽ ചെയ്ത പല കഥാപാത്രങ്ങളോടും എനിക്ക് മാനസികമായ സംഘർഷമുണ്ടായിരുന്നു.
എന്റെ വ്യക്തിപരമായ സമഗ്രതയോ, ബുദ്ധിയോ, ധാർമ്മികതയോ ഒന്നും ആ കഥാപാത്രങ്ങൾക്ക് ഇല്ലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ എന്റെ ആത്മാവിനെ ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. പിന്നെ ഞാൻ എന്തിനാണ് ഇതിനെയൊക്കെ പിന്തുണച്ചു നിൽക്കുന്നത് എന്ന ചോദ്യം എന്നിൽ ഉയർന്നു.”- ദിയ പറഞ്ഞു.
“2005 ലാണ് ഞാൻ സിനിമയിൽ നിന്ന് പിന്നോട്ട് പോകാൻ തീരുമാനിക്കുന്നത്. ഒരു നടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രായമായി കണക്കാക്കുന്ന സമയത്താണ് ഞാൻ 2 വർഷത്തെ നീണ്ട അവധിയെടുത്തത്. അന്ന് എനിക്ക് വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം. ഞാൻ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് ഞാൻ സ്വയം പറഞ്ഞു. ഇതിൽ എനിക്ക് യാതൊരു സന്തോഷവുമില്ലായിരുന്നു.
ഞാൻ നന്നായി പണം സമ്പാദിച്ചിരുന്നു, സാമ്പത്തികമായി തികച്ചും സ്വതന്ത്രയായിരുന്നു. എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച മുംബൈ നഗരത്തിൽ എനിക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നു. ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കപ്പെടേണ്ടി വന്നിരുന്നില്ല. പക്ഷേ, ഇതൊന്നും എന്നെ യഥാർത്ഥത്തിൽ സന്തോഷിപ്പിച്ചില്ല. അപ്പോഴാണ് എനിക്ക് എന്നിലേക്ക് തന്നെ മടങ്ങണമെന്ന് മനസ്സിലായത്. അതുകൊണ്ട്, ആ ഇടവേള എന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് തന്നെയായിരുന്നു.”
അതേസമയം, ഹിന്ദി സിനിമയിൽ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയചിത്രങ്ങളിലൊന്നായ “രഹ്നാ ഹേ തെരേ ദിൽ മേ” എന്ന സിനിമയിലൂടെയാണ് ദിയ മിർസ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് “ദസ്”, “ലഗേ രഹോ മുന്ന ഭായ്”, “ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്”, “ഷൂട്ട്ഔട്ട് അറ്റ് ലോഖണ്ഡ്വാല”, “കുർബാൻ” തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയ്ക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഗുഡ്വിൽ അംബാസഡർ കൂടിയായ ദിയ മിർസ, സാമൂഹിക-പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്.
