ഇ.ഡി അന്വേഷണത്തിൽ തകരുക യു.ഡി.എഫ്; രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് എ.കെ. ബാലൻ

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ന ടത്തുന്ന അന്വേഷണത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകാൻ പോകുന്നത് ഇടതുപക്ഷത്തിനല്ല, മറിച്ച് യു.ഡി.എഫിനാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൃത്യമായി ലക്ഷ്യം വെച്ചാണ് ഇ.ഡിയുടെ ഈ കേസ് വന്നിരിക്കുന്നത്. “ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ” എന്നായിരുന്നു വിഷയത്തിൽ അദ്ദേഹത്തിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

പിണറായി വിജയന്റെ മകൾ വീണ ടി.യെ ചോദ്യം ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നും, കള്ളപ്പണം വെളുപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിനോട് സി.പി.ഐ.എമ്മിന് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസപ്പടി കേസ് മുൻനിർത്തി ആദ്യം രംഗത്തുവന്നത് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടനാണ്. എന്നാൽ ഈ വിഷയം ആദ്യം വിജിലൻസ് കോടതിയും, തുടർന്ന് സമർപ്പിച്ച റിവിഷൻ ഹർജി ഹൈക്കോടതിയും, ഒടുവിൽ നൽകിയ അപ്പീൽ സുപ്രീം കോടതിയും പൂർണ്ണമായി തള്ളി കളഞ്ഞതാണ്. ഇത് കേവലം രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്ന് രാജ്യത്തെ പരമോന്നത കോടതികൾ വരെ കണ്ടെത്തിയിട്ടുണ്ട്.

മാത്യു കുഴൽനാടന് ശേഷം ഷോൺ ജോർജും പിന്നീട് എസ്.എഫ്.ഐ.ഒയും, ഇപ്പോൾ ഇ.ഡിയും ഈ വിഷയത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ പിണറായി വിജയനോ മകൾ വീണയോ പ്രതിയായി ഇ.ഡിയുടെ മുന്നിൽ ഏതെങ്കിലും തരത്തിലുള്ള കേസ് നിലവിലുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

കേസിന്റെ ആധാരമായ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ചരിത്രവും എ.കെ. ബാലൻ ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് കരിമണൽ ഖനനം നടത്താൻ സി.എം.ആർ.എൽ കമ്പനിക്ക് വഴിവിട്ട് അനുമതി നൽകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരായിരുന്നു. എന്നാൽ പിന്നീട് വന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ജനതാത്പര്യം മുൻനിർത്തി ആ അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം നേതൃത്വത്തിനെതിരെ അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ചതായി പറയപ്പെടുന്ന വിമർശനങ്ങളിലും എ.കെ. ബാലൻ പ്രതികരിച്ചു.

“കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ മാത്രമാണ് പിണറായി വിജയൻ പൊതുവേദിയിൽ കരഞ്ഞിട്ടുള്ളത്. സ്വന്തം കുടുംബത്തേക്കാൾ അപ്പുറമുള്ള അത്രമേൽ ആഴത്തിലുള്ള വലിയൊരു ആത്മബന്ധമാണ് ആ രണ്ട് നേതാക്കൾ തമ്മിൽ ഉണ്ടായിരുന്നത്.” പാർട്ടിക്ക് ഈ കുടുംബത്തോടുള്ള കരുതൽ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക