ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളും സിവിൽ സർവീസ് പരീക്ഷാർത്ഥിയുമായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ജോലിക്കാരനായ 19കാരൻ രാഹുൽ അറസ്റ്റിലായി. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരകൃത്യം നടത്തിയത്.
യുവതിയുടെ കഴുത്തിൽ ഫോൺ ചാർജർ കുരുക്കി ശ്വാസംമുട്ടിക്കുകയും തലയ്ക്കടിച്ച് ബോധരഹിതയാക്കുകയും ചെയ്ത ശേഷമാണ് പീഡനം നടത്തിയത്. എട്ടുമാസത്തോളം യുവതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന രാഹുൽ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു. പണം കടം വാങ്ങുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ചൊവ്വാഴ്ച അൽവാറിൽ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച ശേഷമാണ് ഇയാൾ ബുധനാഴ്ച രാവിലെ ഡൽഹിയിലെത്തി ഈ കുറ്റകൃത്യം നടത്തിയത്. വീട്ടിലെ ജോലിക്കാർക്കായി താക്കോൽ ഷൂ റാക്കിൽ സൂക്ഷിക്കുന്നതായി അറിയാമായിരുന്ന പ്രതി, അതുപയോഗിച്ച് വീട്ടിൽ പ്രവേശിച്ചു. സ്റ്റഡി റൂമിൽ യുപിഎസ്‌സി പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരുന്ന യുവതിയോട് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാകുകയും, ലാംപ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനം നടത്തിയത്.
കുറ്റകൃത്യത്തിന് ശേഷം വീട്ടിൽ കവർച്ച നടത്തിയ പ്രതി, രക്തം പുരണ്ട സ്വന്തം വസ്ത്രങ്ങൾ മാറ്റി യുവതിയുടെ സഹോദരന്റെ വസ്ത്രങ്ങൾ ധരിച്ച് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ദ്വാരക പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ചോദ്യം ചെയ്യലിൽ മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ 24 മണിക്കൂറിനുള്ളിൽ മറ്റൊരു യുവതിയെ കൂടി പീഡിപ്പിച്ചതിന്റെ തെളിവുകൾ ലഭിച്ചതിനാൽ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
ഐഐടി ഡൽഹിയിൽ നിന്നും ബിരുദം നേടിയ യുവതി അഖിലേന്ത്യാതലത്തിൽ 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. നർത്തകിയായിരുന്ന യുവതി നിരവധി നൃത്തമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
