തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പോളിംഗ് സമാപിച്ചു. വൈകുന്നേരം 6 മണിവരെ ക്യൂവിൽ നിന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം അനുവദിച്ചു. തമിഴ്‌നാട്ടിലെ മുഴുവൻ 234 സീറ്റുകളിലേക്കും ഒറ്റഘട്ടമായി പോളിംഗ് നടന്നപ്പോൾ, പശ്ചിമ ബംഗാളിൽ 152 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് നടന്നത്.
രണ്ട് സംസ്ഥാനങ്ങളിലും റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട നിരകളായി എത്തിയ വോട്ടർമാർ ആവേശത്തോടെ വോട്ടവകാശം വിനിയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, പശ്ചിമ ബംഗാളിൽ 89.93 ശതമാനവും തമിഴ്‌നാട്ടിൽ വൈകുന്നേരം 5 മണിയോടെ 82.24 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. 2021ലെ തെരഞ്ഞെടുപ്പുകളിലെ നിരക്കുകളേക്കാൾ ഇത് ശ്രദ്ധേയമായ വർധനവാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് വിവാദമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികളുടെ സ്വാധീനം പോളിംഗിൽ പ്രതിഫലിച്ചില്ലെങ്കിലും, വോട്ടിംഗ് ശതമാനം പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്ന നിലയിലെത്തി.
ചെന്നൈയിൽ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ടർമാരെ കൂടുതൽ പങ്കെടുപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക അഭ്യർത്ഥന നടത്തി ഡി ജയകുമാർ, ഖുശ്‌ബു തുടങ്ങിയ പ്രമുഖരും വോട്ട് ചെയ്ത് ജനങ്ങളോട് പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.
