സർക്കാരിന് പല ഫണ്ടുകളും ലഭിച്ചു, എന്നിട്ട് അവർ എത്ര വീട് കൊടുത്തു: പികെ ഫിറോസ്

വയനാട് ദുരന്തബാധിതരെ ആക്ഷേപിച്ചുവെന്നാരോപിച്ച് സിപിഐഎം നേതാവ് കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വാക്ക് പാലിക്കുന്നവരാണ് തങ്ങളെന്നും, 51 വീടുകൾ യാഥാർഥ്യമാക്കിയതിൽ അഭിമാനമുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

“ഇത്തരം പ്രസ്താവനകൾ നടത്തിയ ജലീലിന് ഇനി എങ്ങനെയാണ് പൊതുസമൂഹത്തിൽ ഇറങ്ങി നടക്കാൻ കഴിയുക എന്നതാണ് ചോദ്യം. ദുരന്തബാധിതരെ അപമാനിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ആളുകൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിനുള്ള അർഹതയുണ്ടോ എന്ന് ജനങ്ങൾ ചിന്തിക്കണം,” ഫിറോസ് പറഞ്ഞു.

ഭവന നിർമ്മാണത്തിനായി ലീഗ് പിരിവിലൂടെ 40 കോടിയിൽ താഴെ മാത്രമാണ് സമാഹരിച്ചതെന്നും, അത്രയും തുകയിലാണിത് സാധ്യമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സർക്കാരിന് വിവിധ ഫണ്ടുകൾ ലഭിച്ചിട്ടും എത്ര വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

അതേസമയം, മുസ്ലിം ലീഗിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് നേരത്തെ കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു. ചൂരൽമല ദുരന്തബാധിതരായ 51 കുടുംബങ്ങൾ പുതിയ വീടുകളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് വിവാദം ശക്തമായത്. ജലീലിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ്, “മനസ്സിൽ കള്ളമുള്ളവർക്കേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയൂ” എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക