പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഉത്തരപാറ നിയമസഭാ മണ്ഡലത്തിലെ ഹിന്ദ്മോട്ടറിലുള്ള സിപിഐ(എം) ഓഫിസിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. ചുവന്ന പ്ലാസ്റ്റിക് കസേരകളിൽ ഇരുന്ന് പാർട്ടി പ്രവർത്തകർ അവരുടെ സ്ഥാനാർത്ഥിയായ മീനാക്ഷി മുഖർജിക്കായി പ്രചാരണ സാമഗ്രികൾ ഒരുക്കുകയാണ്.
യുവ വോട്ടർമാരെ പ്രത്യേകിച്ച് ലക്ഷ്യമിട്ട് മിനാക്ഷിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റ്കാർഡുകൾ തയ്യാറാക്കി വിതരണം ചെയ്യാനാണ് തീരുമാനം. മതത്തിന്റെ പേരിൽ വോട്ട് തേടുന്നവരെ പിന്തുണയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്ന സന്ദേശമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങൾ മതവുമായി ബന്ധമില്ലാത്തതാണെന്നും സാധാരണ ജനങ്ങളെയാണ് അത് ബാധിക്കുന്നതെന്നും പോസ്റ്റ്കാർഡിൽ വ്യക്തമാക്കുന്നു. പ്രധാന പ്രതിപക്ഷമായ ബിജെപിയെ വിമർശിക്കുന്നതോടൊപ്പം ഭരണകക്ഷിയായ തൃണമൂലിന്റെ അഴിമതിയെയും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പോസ്റ്റ്കാർഡ് പ്രചാരണം പുതിയ ശ്രമമാണെന്ന് മിനാക്ഷി മുഖർജി വ്യക്തമാക്കി. യുവാക്കളുമായി വ്യത്യസ്ത രീതിയിൽ ബന്ധപ്പെടാനാണ് ഈ നീക്കമെന്നും അവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കാൻ നൂറുകണക്കിന് യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം) മുന്നോട്ടുവയ്ക്കുന്ന യുവമുഖങ്ങളിൽ ഒരാളാണ് മിനാക്ഷി. മയൂഖ ബിശ്വാസ് , ടിപ്സുയ്ത ദർ , അഫ്രീൻ ബീഗം തുടങ്ങിയവരും വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്നു.
സിപിഎം നയിക്കുന്ന ഇടതുമുന്നണി ഇന്ത്യൻ സെക്കുലർ ഫ്രണ്ട് , സിപിഐ എം – ലിബറേഷൻ എന്നിവരുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 294 സീറ്റുകളിൽ 195 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്.
2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഐഎസ്എഫും ചേർന്ന സഖ്യമായിരുന്നു ഇടതുമുന്നണി. എന്നാൽ ആ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരു സീറ്റുപോലും നേടാനായില്ല; ഐഎസ്എഫിന് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പുംതൃണമൂലും ബിജെപിയും തമ്മിലുള്ള പോരാട്ടമായി മാറുമെന്ന വിലയിരുത്തലുകൾക്കിടെ, സിപിഎം പുതിയ ആശയങ്ങളുമായി ഈ രാഷ്ട്രീയ ദ്വന്ദ്വത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പൗര സൗകര്യങ്ങൾ തുടങ്ങിയ ജനകീയ പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാക്കുന്നതെന്ന് മിനാക്ഷി വ്യക്തമാക്കി.
