കൂട്ടായ്മയുടെയും ഇന്ദിരാ ഗ്യാരണ്ടിയുടെയും വിജയം; യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു: കെ.സി വേണുഗോപാല്‍

അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടു.

യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തിരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും യുഡിഎഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുല്‍ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കി. ഇന്ദിരാ .ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

മികച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലും പ്രചാരണത്തിലും കോണ്‍ഗ്രസ് പുലര്‍ത്തിയ മികവ് തന്നെയാണ് വിജയത്തെ ഏറ്റവുമധികം സഹായിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, വിമതശല്യം ഏറ്റവും കുറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്.

സിപിഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട നേതാക്കളെ യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനവും ഈ വന്‍വിജയത്തിന് സഹായിച്ചു. ആ തീരുമാനത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ, കണ്ണൂരിലെ സിപിഎം കോട്ടകളില്‍ പോലും യുഡിഎഫിനെ വിജയിപ്പിക്കാന്‍ ആ തീരുമാനത്തിന് സാധിച്ചു. തന്റെ നാടായ പയ്യന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് താന്‍ പോലും ഒരിക്കലും കരുതിയതല്ല. തളിപ്പറമ്പിലെ വിജയവും വലിയ നേട്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം തട്ടകത്തില്‍ പോലും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.

കമ്യൂണിസത്തെ സ്‌നേഹിക്കുന്ന യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് താന്‍ പ്രചാരണത്തിനിടെ പതിവായി പറയാറുണ്ടായിരുന്നു. അത് അക്ഷരം പ്രതി ശരിയാണെന്ന് ഈ തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ വിറങ്ങലിച്ചു പോയ കേരള മനസ്സാക്ഷി, ടി.പിയുടെ രക്തസാക്ഷിദിനത്തില്‍ ഉയിര്‍ത്തെണീറ്റ് നടത്തിയ മധുരപ്രതികാരം കൂടിയാണ് ഈ ജനവിധി.

വര്‍ഗീയത പ്രചരിപ്പിച്ച് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും അജണ്ട കേരളത്തില്‍ ചിലവാകില്ലെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. മലപ്പുറം തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്.ജോയ് ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മതത്തിന്റെ പേരില്‍ പ്രചാരണം നടത്തിയ സിപിഎം നീക്കവും ജനം തള്ളിക്കളഞ്ഞു.

ഒന്നോ രണ്ടോ സീറ്റുകളില്‍ ബിജെപി ജയിച്ചിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ ചിലവിലാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിപ്രതിഷേധം നടത്തിയതിന് പിണറായിയുടെ ഗണ്‍മാന്റെ മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.ഡി.തോമസ് ആലപ്പുഴയില്‍ നേടിയ വന്‍വിജയവും സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് ജനങ്ങളുടെ പ്രതികാരമാണ്. പിണറായി സര്‍ക്കാരിനോട് പ്രതികാരം ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടാണ് ആലപ്പുഴയില്‍ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതും.

കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണത്തില്‍ യുഡിഎഫിന്റെ ഒട്ടേറെ യുവജനപ്രവര്‍ത്തകര്‍ പോലീസിന്റെ മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. ഭരണമേറ്റെടുക്കുമ്പോള്‍ ആരോടും പ്രതികാരം ചെയ്യാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെങ്കിലും, കുറ്റം ചെയ്തവര്‍ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന്കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോണ്‍ഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ല. അതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍ എന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പതിമൂന്നാം വയസ്സില്‍ കോണ്‍ഗ്രസിനു വേണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. അന്നു മുതല്‍ ഇന്നു വരെ ഏത് പദവി വഹിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും താന്‍ അതിനൊപ്പം നില്‍ക്കും.

ജീവന്‍ പോയാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായ തിരിച്ചടി അമ്പരപ്പിക്കുന്നതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ബംഗാളിലെയും തമിഴ്‌നാട്ടിലെയും മറ്റും തിരഞ്ഞെടുപ്പു ഫലങ്ങള്‍ പാര്‍ട്ടി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് നേടിയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക