ഇന്ന് ഇടതുപക്ഷ സർക്കാരുള്ള ഒരു സംസ്ഥാനം പോലും ഇല്ല; കോൺഗ്രസ് ഒരു ‘ അർബൻ നക്സൽ’ സംഘമായി ചുരുങ്ങി: പ്രധാനമന്ത്രി

‘ അർബൻ നക്സലുകളുടെ സംഘം’ എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷ വിമർശനം ഉയർത്തി . ‘നാരി ശക്തി വന്ദൻ’ നിയമത്തെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് ‘സ്ത്രീവിരുദ്ധം’ ആണെന്നും, അതിനെതിരെ സ്ത്രീ വോട്ടർമാർ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയപ്രസംഗത്തിൽ, കോൺഗ്രസിനെയും ഡിഎംകെയെയും സ്ത്രീ വോട്ടർമാർ ശിക്ഷിച്ചുവെന്നും, അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ വനിതാ വോട്ടർമാരും കോൺഗ്രസിന് പാഠം പഠിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീവിരുദ്ധ നയങ്ങൾ പിന്തുടരുന്ന പാർട്ടികൾക്കെതിരെ സ്ത്രീകളുടെ ശക്തമായ പ്രതിഷേധം ഉയരുമെന്നും, സമാജ്‌വാദി പാർട്ടിയെയും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് ഇടതുപക്ഷ സർക്കാരുകൾ ഭരിക്കുന്ന ഒരു സംസ്ഥാനവും ഇല്ലെന്നും , വികസനവും രാജ്യത്തെ മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയ ദിശയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, എന്നാൽ കോൺഗ്രസ് പിന്നോട്ടുള്ള ചിന്താഗതിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ലോകമെമ്പാടും നിരസിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ ആശയങ്ങളുമായി കോൺഗ്രസ് കൈകോർക്കുകയാണെന്നും, മാവോയിസം കോൺഗ്രസിനകത്ത് വേരൂന്നിയതായി അദ്ദേഹം വിമർശിച്ചു. ‘നഗര നക്സലുകളുടെ സംഘമായി കോൺഗ്രസ് മാറിയിരിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, വിഭജന രാഷ്ട്രീയമാണ് ചില പാർട്ടികളുടെ പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ദീർഘകാലം അധികാരം വഹിച്ചു വന്ന കോൺഗ്രസ്, കാലക്രമേണ ജനവിശ്വാസം നഷ്ടപ്പെടുത്തി തുടങ്ങിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക