ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടത്താനിരുന്ന രാഹുൽ ഗാന്ധിയുടെ റാലിക്ക് ഭരണകക്ഷിയായ തൃണമൂൽ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാനായി ലോക്സഭാ എംപിയായ രാഹുല്‍ ഗാന്ധി നഗരത്തിലെത്താനിരുന്നതായിരുന്നു. അനുമതി ലഭിക്കാത്തതിനാല്‍ ഏപ്രില്‍ 23ന് നിശ്ചയിച്ചിരുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
പ്രാദേശിക അധികാരികളുടെ അനുമതിക്കായി ചൊവ്വാഴ്ച വൈകിട്ട് ആറുമണി വരെ കാത്തിരുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഏപ്രില്‍ 25 അല്ലെങ്കില്‍ 26 തീയതികളിലേക്ക് പുതുക്കിയ സമയക്രമത്തില്‍ വീണ്ടും അപേക്ഷ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.മമത ബാനർജി സര്‍ക്കാരിന്റെ ഇടപെടലാണ് അനുമതി നിഷേധത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മാള്‍ഡയും മുര്‍ഷിദാബാദും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ റാലികള്‍ തൃണമൂലിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭകർ സർക്കാർ ആരോപിച്ചു.
അതേസമയം, പൊതുയോഗങ്ങള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ വെബ്സൈറ്റായ ‘സുവിധ പോര്‍ട്ടല്‍’ വഴി മുന്‍കൂട്ടി അപേക്ഷിക്കേണ്ടതാണെന്ന് സംസ്ഥാന മന്ത്രി ശശി പഞ്ചാ വ്യക്തമാക്കി. രണ്ടോ ഏഴോ ദിവസം മുമ്പ് അപേക്ഷ നല്‍കണം എന്നതാണ് നിയമമെന്നും അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ മണ്ഡലത്തില്‍ പ്രചാരണം നടത്താനാണ് രാഹുല്‍ ഗാന്ധി എത്താനിരുന്നത്. ഇതിനുമുമ്പ് ഏപ്രില്‍ 14ന് ഉത്തര ദിനാജ്പൂര്‍, മാള്‍ഡ, മുര്‍ഷിദാബാദ് ജില്ലകളിലായി നടന്ന മൂന്ന് യോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ഏപ്രില്‍ 29ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് വീണ്ടും ബംഗാള്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.
