സ്ത്രീകളുടെ സുരക്ഷ വിലയിരുത്താൻ രാത്രിയിൽ സാധാരണ വേഷത്തിൽ കമ്മീഷണർ തെരുവിലിറങ്ങി; ഉപദ്രവിക്കാനെത്തിയത് 40 ഓളം പുരുഷന്മാർ

തെലങ്കാനയിലെ മൽക്കാജ്ഗിരിയിൽ പുതുതായി നിയമിതയായ പോലീസ് കമ്മീഷണർ ബി. സുമതി നടത്തിയ രഹസ്യ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അർദ്ധരാത്രിക്ക് ശേഷം നഗരവീഥികളിൽ സാധാരണ സ്ത്രീയായി വേഷമിട്ടിറങ്ങിയപ്പോൾ, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ 40ഓളം പുരുഷന്മാർ ഉപദ്രവിക്കാൻ ശ്രമിച്ചതായി പോലീസ് അറിയിച്ചു.

ദിൽസുഖ്‌നഗർ പ്രദേശത്തെ ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീയായി സുമതി എത്തി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സമീപത്തുണ്ടായിരുന്ന ചിലർ മദ്യപിച്ച് അസഭ്യം പറയുകയും അതിക്രമങ്ങൾക്ക് ശ്രമിക്കുകയും ചെയ്തു. ഇതിനായി മുമ്പ് വിന്യസിച്ചിരുന്ന പോലീസ് സംഘം ഉടൻ ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കൗൺസിലിംഗും മുന്നറിയിപ്പും നൽകിയ ശേഷം വിട്ടയച്ചു.

രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിലെ സ്ത്രീസുരക്ഷയുടെ യാഥാർത്ഥ്യാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ രഹസ്യ ഓപ്പറേഷൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകുകയാണ് ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മേഖലയിലെ പ്രധാന പോലീസ് കമ്മീഷണറേറ്റുകളിൽ ഒന്നാണ് മൽക്കാജ്ഗിരി. ആദ്യ വനിതാ കമ്മീഷണറായി ചുമതലയേറ്റിട്ട് ഒരാഴ്ചയ്ക്കകം തന്നെ സുമതി ഈ നീക്കം നടത്തിയതാണ് ശ്രദ്ധേയമാകുന്നത്.

2006 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥയായ സുമതി ഇതിനുമുമ്പും സമാനമായ ഫീൽഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. 2001ൽ ഗ്രൂപ്പ്-1 ഡിഎസ്പിയായി സേവനം ആരംഭിച്ച അവർ, പിന്നീട് ഐപിഎസിൽ ചേർന്ന് വിവിധ നിർണായക പദവികൾ വഹിച്ചു.

ഇന്റലിജൻസ് മേഖലയിലും നിയമ നിർവഹണ രംഗത്തും ശ്രദ്ധേയമായ സേവനമാണ് അവർ കാഴ്ചവെച്ചത്. സ്പെഷ്യൽ ഇന്റലിജൻസ് ബ്യൂറോയിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസായിരുന്ന കാലത്ത് നിരവധി മാവോയിസ്റ്റുകളുടെ കീഴടങ്ങലിൽ നിർണായക പങ്ക് വഹിച്ചു.

സംഭാഷണാധിഷ്ഠിത സമീപനത്തിലൂടെ രണ്ടുവർഷത്തിനിടെ നൂറുകണക്കിന് മാവോയിസ്റ്റുകളുടെ കീഴടങ്ങലിന് വഴിയൊരുക്കിയ സുമതി, മുതിർന്ന മാവോയിസ്റ്റ് നേതാവ് ദേവുജി അടക്കമുള്ളവരുടെ കീഴടങ്ങലിലും പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

മറുപടി രേഖപ്പെടുത്തുക