സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച്, പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയെക്കുറിച്ച് സിപിഐ ദേശീയ നേതൃത്വത്തിന് അതൃപ്തി . തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ “പിണറായി വിരുദ്ധ വികാരം” പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നേതൃമാറ്റം ആവശ്യപ്പെടുന്നത്.
പഴയ ശൈലിയിലുള്ള രാഷ്ട്രീയ സമീപനം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും, പുതിയ തലമുറയെ മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സിപിഐ ദേശീയ നേതൃത്വം അഭിപ്രായപ്പെടുന്നു. പ്രതിപക്ഷ നേതൃപദവിയെക്കുറിച്ച് സിപിഎമ്മിന് ഏകപക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ലെന്ന സൂചനയും സിപിഐ നൽകി. ഈ വിഷയത്തിൽ സിപിഎമ്മിനെയും സംസ്ഥാന നേതൃത്വത്തെയും നിലപാട് അറിയിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് ലഭിക്കേണ്ടതാണെന്ന അവകാശവാദവും പാർട്ടി ഉന്നയിക്കുന്നു. തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും, ജനവികാരം തിരിച്ചറിയുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്.
അതേസമയം, പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കണമെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണെങ്കിൽ, സഖ്യകക്ഷിയായ സിപിഐക്ക് തന്ത്രപരമായ നിലപാട് പുനപരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
