കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചയിൽ കോൺഗ്രസിന്റെ നിയുക്ത എംഎൽഎമാരുടെ നിലപാട് വിലയിരുത്തിയ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ഖാർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ കൈകളിലായിരിക്കും.
എംഎൽഎമാരുടെ പിന്തുണയുടെ കാര്യത്തിൽ മുൻതൂക്കം തങ്ങൾക്ക് തന്നെയെന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ വിലയിരുത്തൽ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ അവഗണിക്കാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം, വിഡി സതീശൻ അനുകൂല പ്രകടനങ്ങളും പ്രചാരണങ്ങളും പിആർ പ്രവർത്തനങ്ങളാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.
എന്നാൽ, മുഖ്യമന്ത്രിപദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാൻഡിനെ സ്വാധീനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വിഡി സതീശൻ ക്യാംപ്. ഘടകകക്ഷികളുടെ പിന്തുണയും സതീശൻ പക്ഷം പ്രധാനമായി കാണുന്നു. ഹൈക്കമാൻഡിനോട് അടുത്ത ബന്ധമുള്ള നേതാവിന് കൂടുതൽ പിന്തുണ ലഭിക്കുന്നത് സ്വാഭാവികമാണെന്നും അവർ വാദിക്കുന്നു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമായി പരിഗണിക്കണമെന്നാണ് വിഡി പക്ഷത്തിന്റെ ആവശ്യം. ഇതിനിടെ, മുഖ്യമന്ത്രിപദവി ലഭിക്കാത്ത പക്ഷം സതീശൻ മന്ത്രിസഭയിൽ ചേരില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ വിഡി ക്യാംപിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
അതേസമയം, രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. സീനിയോറിറ്റി മാനദണ്ഡം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. അന്തിമ തീരുമാനം എടുക്കുന്നതിനായി സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇന്നോ നാളെയോ ഡൽഹിയിലേക്ക് ഹൈക്കമാൻഡ് വിളിച്ചേക്കുമെന്നാണ് സൂചന.
