തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജനങ്ങളുടെ ജീവിതനില മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്റ്റിൽ അറിയിച്ചു.
അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിലെ മുന്നണി മാറ്റങ്ങളെ വിമർശിച്ചുകൊണ്ട് കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചു. 30 വർഷത്തോളം ഡിഎംകെയുമായി സഹകരിച്ചിരുന്ന കോൺഗ്രസ്, ഇപ്പോൾ സ്വാർത്ഥ താൽപര്യങ്ങൾക്കായി നിലപാട് മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. അധികാരത്തിലിരിക്കുമ്പോൾ ഡിഎംകെയെ പിന്തുണച്ചിരുന്ന കോൺഗ്രസ്, ഇപ്പോൾ ടിവികെ പാളയത്തിലേക്ക് മാറിയതായി പ്രധാനമന്ത്രി ആരോപിച്ചു.
രാഷ്ട്രീയ നിലനിൽപ്പാണ് കോൺഗ്രസിന്റെ ഏക ലക്ഷ്യമെന്നും, അധികാരത്തിനായി ഏതൊരു നിലപാടും സ്വീകരിക്കുന്ന പാർട്ടിയായി അത് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദീർഘകാല സഹയാത്രികരായിരുന്ന ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്നും, വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നുമാണ് പ്രധാനമന്ത്രിയുടെ വിമർശനത്തിന്റെ പ്രധാന ഭാഗം.
