കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾക്കിടെ മുസ്ലീം ലീഗിന് മേൽ കർണാടക വഴിയുള്ള സമ്മർദ്ദ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിനായി ലീഗിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടന്നതായാണ് വിവരം.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള നേതാവാണ് കെ സി വേണുഗോപാൽ. ഈ ബന്ധം ഉപയോഗിച്ചാണ് ലീഗിന്റെ നിലപാട് സ്വാധീനിക്കാൻ ശ്രമം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പാണക്കാട് എത്തി മുസ്ലീം ലീഗ് നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചാൽ കർണാടക നിയമസഭയിൽ ലീഗിന് പ്രാതിനിധ്യം ഉറപ്പാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചതായാണ് വിവരം. ബംഗളൂരു കെഎംസിസി നേതൃപദവിയിൽ നിന്നൊരാളെ എംഎൽസിയാക്കാമെന്ന നിർദേശവും ഇതിന്റെ ഭാഗമായി ഉയർന്നുവന്നതായും പറയുന്നു.
അതേസമയം, തുടക്കം മുതലേ വി ഡി സതീശനെയാണ് മുഖ്യമന്ത്രിയായി കാണണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന്റെ പിന്തുണ നിർണായകമാണെന്ന് കണക്കാക്കുന്ന വി ഡി സതീശനും ഈ പിന്തുണ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്.
ലീഗിന്റെ പിന്തുണ ഉറപ്പാക്കാൻ കർണാടക വഴിയുള്ള ഇടപെടൽ നടന്നുവെന്ന സൂചനകൾ പുറത്തുവരുന്നതിനാൽ കോൺഗ്രസ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്.
