തായ്‌ലൻഡ് ഓപ്പൺ: സിന്ധുവും ശ്രീകാന്തും ജയിച്ചു, ആയുഷ് പുറത്തായി

തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ദിനം. ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവു കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ, യുവതാരം ആയുഷ് ഷെട്ടി പുറത്തായി.

മുൻ ലോക ചാമ്പ്യനായ സിന്ധു ആദ്യ റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ തുങ് സിയോ-ടോങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി. വെറും 33 മിനിറ്റ് നീണ്ട മത്സരത്തിൽ 21-9, 21-12 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. തുടക്കം മുതൽ ആക്രമണാത്മക പ്രകടനം പുറത്തെടുത്ത ആറാം സീഡ് താരം എതിരാളിക്ക് കാര്യമായ അവസരങ്ങൾ അനുവദിച്ചില്ല.

2024ലെ സായിദ്- മോദി അന്താരാഷ്‌ട്ര കിരീടത്തിനുശേഷം ആദ്യ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടമാണ് സിന്ധു ലക്ഷ്യമിടുന്നത്. രണ്ടാം റൗണ്ടിൽ ഡെൻമാർക്കിന്റെ അമാലി ഷുൾസിനെയാണ് സിന്ധു നേരിടുക.

പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം ശ്രീകാന്തും മികച്ച ജയത്തോടെ മുന്നേറി. സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനെ 21-14, 21-15 എന്ന സ്കോറിനാണ് ശ്രീകാന്ത് തോൽപ്പിച്ചത്. 2021 ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രകടനം.

2013ൽ തായ്‌ലൻഡ് ഓപ്പൺ കിരീടം നേടിയ ശ്രീകാന്ത് അടുത്ത റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ സു ലി യാങ്ങിനെ നേരിടും.

അതേസമയം, ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ആയുഷ് ഷെട്ടി പുറത്തായത് . ജപ്പാന്റെ ആറാം സീഡ് കൊഡൈ നരോകയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഗെയിം നഷ്ടമായ ശേഷവും ശക്തമായി തിരിച്ചുവന്ന ഷെട്ടി രണ്ടാം ഗെയിം സ്വന്തമാക്കി മത്സരം നിർണായക മൂന്നാം ഗെയിമിലേക്ക് നീട്ടിയിരുന്നു. എന്നാൽ അവസാന ഗെയിമിൽ ജാപ്പനീസ് താരം പൂർണ ആധിപത്യം പുലർത്തി. 59 മിനിറ്റ് നീണ്ട മത്സരത്തിൽ 21-13, 17-21, 21-4 എന്ന സ്കോറിനായിരുന്നു നരോകയുടെ ജയം.

മറുപടി രേഖപ്പെടുത്തുക