മുഖ്യമന്ത്രി പ്രഖ്യാപനം നാളേക്ക്? കേരളത്തിലേക്ക് പുറപ്പെടാതെ ദീപാദാസ് മുൻഷി

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇതുവരെ കേരളത്തിലേക്ക് പുറപ്പെട്ടിട്ടില്ല. അവർ ഡൽഹിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദീപാദാസ് മുൻഷി കേരളത്തിലെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു. ഇന്ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിലെ വിവരങ്ങൾ പ്രകാരം പ്രഖ്യാപനം നാളത്തേക്ക് മാറ്റിയേക്കുമെന്നാണ് അറിയുന്നത്.

ഇതിനിടെ എഐസിസി അധ്യക്ഷൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാൽ എന്ന ഒരൊറ്റ പേരിൽ ധാരണയിലെത്തിയതായാണ് സൂചനകൾ. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, എഐസിസി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക