കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ; 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമം

നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 11 ദിവസം നീണ്ട ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കുമൊടുവിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്കുശേഷമാണ് അന്തിമ തീരുമാനം പുറത്തുവന്നത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തള്ളിയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് എത്തി എംഎൽഎമാരുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടിയിരുന്നു. തുടർന്ന് ഹൈക്കമാൻഡ് വിവിധ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പ്രത്യേക ചർച്ചകളും നടത്തി.

നേതാക്കളിൽ ഭൂരിപക്ഷം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരുന്നുവെന്നാണ് വിവരം. വി.ഡി. സതീശൻ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും പൊതുജന വികാരവും പ്രവർത്തക പിന്തുണയും സതീശന് അനുകൂലമായിരുന്നു. ഒടുവിൽ ജനവികാരത്തിന് മുൻതൂക്കം നൽകി ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക